കല്‍പ്പറ്റ: സ്ഥലം വിട്ടുകൊടുക്കുന്നതില്‍ വന്‍കിട തോട്ടം മാനേജ്മെന്റുകള്‍ കാട്ടുന്ന വിമുഖത മലയോര ഹൈവേ നിര്‍മാണത്തിനു തിരിച്ചടിയാകുന്നു.
മലയോര ഹൈവേയില്‍ ചൂരല്‍മലയ്ക്കും മേപ്പാടിക്കും ഇടയില്‍ ഏകദേശം ഏഴു കിലോമീറ്റര്‍ വീതികൂട്ടുന്നതിനു എച്ച്എംഎല്‍, എവിടി, പോഡാര്‍ പ്ലാന്റേഷനുകള്‍ സ്ഥലം വിട്ടുനല്‍കണം.
ഹൈവേക്കുവേണ്ടി എവിടെയൊക്കെ എത്ര സ്ഥലം വേണം എന്നതു സംബന്ധിച്ചു സര്‍വേ റിപ്പോര്‍ട്ട് രണ്ടു തവണ നല്‍കിയെങ്കിലും എച്ച്എംഎല്‍ അനുകൂല തീരുമാനമെടുത്തിട്ടില്ല. എച്ച്എംഎല്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് സര്‍വേ റിപ്പോര്‍ട്ട് നല്‍കിയത്.
എച്ച്എംഎല്‍ നല്‍കിയശേഷം സ്ഥലം വിട്ടുതരാം എന്നാണ് മറ്റു തോട്ടം മാനേജ്മെന്റുകളുടെ നിലപാട്. മലയോര ഹൈവേയില്‍ ചൂരല്‍മല മുതല്‍ അരണപ്പുഴ (നിലമ്പൂര്‍ പാത) വരെ ഭാഗങ്ങളിലും എച്ച്എംഎല്‍ സ്ഥലം വിട്ടുനല്‍കേണ്ടതുണ്ട്.
മലയോര ഹൈവേ കടന്നുപോകുന്നതില്‍ മേപ്പാടി-ചൂരല്‍മല ഭാഗത്തു പ്രവൃത്തി പുനരാരംഭിച്ചിട്ടുണ്ട്. കലുങ്കുകളുടെ നിര്‍മാണവും റോഡ് വീതി കൂട്ടുന്ന ജോലികളുമാണ് പുരോഗമിക്കുന്നത്.
റോഡ് 12 മീറ്റര്‍ വീതിയിലാക്കുന്നതിനു തോട്ടം മാനേജ്മെന്റുകളുടേത് ഒഴികെ സ്വകാര്യ സ്ഥലങ്ങള്‍ ഇതിനകം ഏറ്റെടുത്തു. ഈ സാഹചര്യത്തില്‍ തോട്ടം മാനേജ്മെന്റുകളുടെ നിഷേധാത്മക നിലപാടില്‍ ജനങ്ങളില്‍ ശക്തമാണ് പ്രതിഷേധം.
ഹൈവേ നിര്‍മാണത്തിനു ആവശ്യമായ സ്ഥലം ലഭ്യമാക്കാന്‍ ഭരണകൂടം അടിയന്തരമായി ഇടപെടണമെന്നാണ് ജനങ്ങളുടെ ആവശ്യം.