പത്തനംതിട്ട: മലയാലപ്പുഴ ക്ഷേത്രത്തിൽ ശതകോടി അർച്ചനയുമായി ബന്ധപ്പെട്ട് 2002 മാർച്ച് 14ന് അന്നത്തെ ദേവസ്വം കമ്മീഷണർ സി.പി.നായരും നാട്ടുകാരും തമ്മിൽ ഉണ്ടായ അഭിപ്രായ വ്യത്യാസവും തുടർന്നുള്ള അനിഷ്ട സംഭവങ്ങളും പോലീസ് വെടിവയ്പിൽ കലാശിച്ചെങ്കിലും അന്നു മുതൽ മലയാലപ്പുഴ സ്വദേശികളായ നിരവധി പേർ കേസിന്റെ നൂലാമാലകളിൽപെടുകയായിരുന്നു.
17 വർഷം കോടതി കയറി ഇറങ്ങിയ നിരവധി യുവാക്കളുടെ ഭാവിയാണ് ഈ ഒരു സംഭവം തകർത്തത്. രമ്യമായി പരിഹരിക്കാവുന്ന പ്രശ്നം നൂറുകണക്കിന് യുവാക്കളുടെ ഉറക്കം കെടുത്തുകയും പോലീസ് നടപടി ഭയന്ന് പലർക്കും ഒളിവിൽ പോകേണ്ടിവരികയും ചെയ്തു. ജീവിക്കാനായി പാസ്പോർട്ട് എടുത്ത് വിദേശത്തു പോകാൻ കാത്തിരുന്ന നിരവധി പേരുടെ മോഹം പൊലിഞ്ഞു.
വിവിധ സ്ഥലങ്ങളിൽ ജോലി തേടി പോകാനിരുന്നവർക്ക് ശിഷ്ടകാലം മലയാലപ്പുഴയിൽ തന്നെ കഴിഞ്ഞുകൂടേണ്ടിവന്നു. സാന്പത്തികമായി പല കുടുംബങ്ങളും തകർന്നു. കഴിഞ്ഞ അഞ്ചുവർഷമായി കേസുമായി ബന്ധപ്പെട്ട് നിരന്തരം കോടതി വരാന്തയിൽ കാത്തുനിൽക്കേണ്ടിവന്നതിനാൽ പലർക്കും നിത്യജീവിതത്തിനുള്ള വകകണ്ടെത്താൻ കഴിയാത്ത അവസ്ഥയിലുമായി. പിഎസ്സി ലിസ്റ്റിൽ പേരുള്ളവർക്ക് കേസു കാരണം ജോലി നഷ്ടപ്പെട്ടു. കേസിൽ ഉൾപ്പെട്ട 10 പേരുടെ ജീവൻ ഇതിനകം പൊലിഞ്ഞു. രണ്ടുപേർ കോടതിയിൽ വാദം നടക്കുന്പോൾ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. മൂന്നുപേർ ജീവനൊടുക്കി.
ശതകോടി അർച്ചന മാറ്റിവയ്ക്കാനുള്ള ശ്രമം തർക്കമായി
പത്തനംതിട്ട: മലയാലപ്പുഴ ക്ഷേത്രത്തിൽ ശതകോടി അർച്ചനയുടെ നടത്തിപ്പുമായി ബന്ധപ്പെട്ടു ദേവസ്വം ബോർഡിലെ ഉന്നതർക്കെതിരെ തുടക്കത്തിലേ ആരോപണങ്ങളുയർന്നു. ഇതന്വേഷിക്കാനാണ് ദേവസ്വം കമ്മീഷണർ സി.പി.നായർ മലയാലപ്പുഴയിൽ എത്തിയത്.
നാട്ടുകാരെ ഉൾപ്പെടുത്തി വിപുലമായ കമ്മിറ്റി രൂപീകരിച്ച ശേഷമായിരുന്നു ഇത്. എന്നാൽ ഇത്രയും ചെലവുള്ള ശതകോടി അർച്ചന എന്ന യജ്ഞം വേണ്ടെന്നു വയ്പിക്കാനും സി.പി.നായർ ശ്രമിക്കുന്നതായി നാട്ടുകാർക്കു സംശയമുണ്ടായി. മാർച്ച് 14ന് രാവിലെ രാവിലെ 9.30ന് ദേവസ്വം സദ്യാലയത്തിൽ ക്ഷേത്രം ഭാരവാഹികളുമായി തുടങ്ങിയ ചർച്ച പിന്നീട് ബഹളത്തിൽ കലാശിച്ചു.
ശതകോടി അർച്ചനയ്ക്കായി അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുൾപ്പടെയുള്ളവർ തയാറാക്കിയ എട്ടരക്കോടിയുടെ ബജറ്റ് ദേവസ്വം കമ്മീഷണർ അംഗീകരിച്ചില്ല. ശതകോടി അർച്ചന മാറ്റി വയ്ക്കണമെന്ന അദ്ദേഹത്തിന്റെ നിർദ്ദേശത്തോട് ഉപദ്ദേശകസമിതിയും അംഗീകരിച്ചില്ല. തുടർന്നു നടന്ന ചർച്ചയിക്കിടെ ചിലർ ശതകോടി അർച്ചന നടത്തുന്നില്ലായെന്ന് പ്രചരിപ്പിക്കുകയും മൈക്കിലൂടെ തെറ്റായ വിവര ങ്ങൾ വിളിച്ച് പറയുകയും ജനങ്ങളെ വിളിച്ചുകൂട്ടുകയും ചെയ്തു.
ഇതിനിടെ വാക്ക് തർക്കത്തിനൊടുവിൽ ശതകോടി അർച്ചന നടത്താമെന്ന് സമ്മതിച്ച സി.പി.നായരോട് സമ്മതപത്രം ഒപ്പിട്ടു കൊടുക്കണമെന്നും അത് സ്റ്റാന്പ് പേപ്പറിലോ മുദ്രക്കടലാസിലോ വേണമെന്നും നാട്ടുകാരിൽ ചിലർ ശഠിച്ചു.
ഇതിനു വിസമ്മതിച്ച താൻ ഉൾപ്പെടെയുള്ളവരെ ചർച്ച നടന്നിരുന്ന ഊട്ടുപുരയിൽ പൂട്ടിയിടുകയും നിർബന്ധപൂർവം സമ്മതപത്രം ഒപ്പിടുവിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് സി.പി. നായർ ഉന്നയിച്ച പരാതി. ഇടയ്ക്ക് അന്വേഷണം മരവിച്ചതോടെ സി.പി. നായർ ഡിജിപിക്കു പരാതി നൽകുകയും തുടർന്ന് ക്രൈംബ്രാഞ്ച് അന്വേ ഷണം ഏറ്റെടുക്കുകയുമായിരുന്നു.
വധശ്രമം മുതൽ പൊതുമുതൽ നശിപ്പിക്കൽ വരെ കുറ്റം
പത്തനംതിട്ട: മലയാലപ്പുഴ സംഘർഷവും പോലീസ് വെടിവയ്പുമായി ബന്ധപ്പെട്ടു 146 പേരെ പ്രതി ചേർത്തു പോലീസ് ചാർജ് ചെയ്ത കേസിൽ വധശ്രമം മുതൽ കുറ്റങ്ങളുണ്ടായിരുന്നു.
ദേവസ്വം കമ്മീഷണറായിരുന്ന മുൻ ചീഫ് സെക്രട്ടറി സി.പി. നായരെ മുറിയിൽ പൂട്ടിയിട്ടതും ഡിവൈഎസ്പി ആയിരുന്ന ആർ. രാമചന്ദ്രൻ നായരെ തടഞ്ഞുവച്ചതുമെല്ലാം വധശ്രമകുറ്റങ്ങളായി.
ക്രിമിനൽ ഗൂഢാലോചന നടത്തി പൊതുമുതൽ നശിപ്പിച്ചു, അന്യായമായി സംഘം ചേർന്നു തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ആരോപിക്കപ്പെട്ടത്. 146 പ്രതികളാണ് തുടക്കത്തിൽ ഉണ്ടായിരുന്നത്. ഇതിൽ 10 പേർ വിവിധ ഘട്ടങ്ങളിലായി മരണപ്പെട്ടു. വിചാരണയുടെ വിവിധ ഘട്ടങ്ങളിൽ തിരിച്ചറിയാൻ കഴിയാതിരുന്ന 80 ഓളം പേരെ ഒഴിവാക്കി. നിലവിൽ 35 പ്രതികളാണ് ഉണ്ടായിരുന്നത്.
വിചാരണയിൽ സി. പി. നായരെ വധിക്കാൻ ശ്രമിച്ചതായുള്ള ആരോപണവും ഗൂഢാലോചന കുറ്റവും തെളിയി ക്കാൻ പ്രോസിക്യൂഷനു സാധിച്ചില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
തെളിവുകളുടെ കുറവും കേസ് വിചാരണ നീണ്ടുപോയതുമാണ് കൊലപാതകശ്രമം തെളിയിക്കാൻ കഴിയാതെ പോയതെന്ന് പബ്ലിക് പ്രോസിക്യൂട്ടർ നവീൻ ഈശോ പറഞ്ഞു.
ദേഹോപദ്രവം ഏൽപിക്കൽ, സർക്കാർ ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തൽ, അന്യായമായി സംഘം ചേരൽ എന്നീ കുറ്റങ്ങൾ തെളിയിക്കപ്പെട്ടു. ഈ കുറ്റങ്ങൾ പ്രകാരമാണ് 18 പേരെയും ശിക്ഷിച്ചിരിക്കുന്നത്.
മലയാലപ്പുഴ സ്വദേശികളായ ശ്രീകുമാർ നന്തിയാട്ട്, ഹരികുമാർ തുന്പമണ് തറയിൽ, സന്തോഷ് കുമാർ, സതീഷ് കുമാർ, സനൽകുമാർ, രാജേന്ദ്രൻ നായർ കോയിക്കൽ, സുജിത് പുത്തൻവീട്, രാജൻ ശാന്തിനിലയം, വിനോദ് സ്നേഹാലയം, രാജൻപള്ളിയിൽ രാജേഷ് തുറന്നയിൽ, ഹരികുമാർ നന്തിയാട്ട്, ഹരിചന്ദ്രൻ നായർ, മനു പുളിമൂട്ടിൽ, ചെല്ലപ്പൻ കുളക്കുട്ടിയിൽ, വാസുദേവൻപിള്ള, പ്രദീപ് ശ്രീമംഗലത്ത്, വിജയൻപിള്ള മരോട്ടിമൂട്ടിൽ എന്നിവ രാണ് ശിക്ഷിക്കപ്പെട്ടിരിക്കുന്നത്.