രണ്ടരവര്‍ഷം മുമ്പ് 239 യാത്രക്കാരുമായി അപ്രത്യക്ഷമായ മലേഷ്യന്‍ വിമാനത്തിന്റെ തിരോധാനത്തെപ്പറ്റി പുതിയ വഴിത്തിരിവ്. വിമാനം കടലില്‍ മുങ്ങാനുണ്ടായ സാഹചര്യത്തെപ്പറ്റിയുള്ള ഊഹാപോഹങ്ങള്‍ക്ക് ഉത്തരമായേക്കാവുന്നതാണ് പുതിയ വിവരങ്ങള്‍. പൈലറ്റ് സഹാരി അഹമ്മദ് ഷായുമായി ബന്ധപ്പെടുത്തിയുള്ളതാണ് പുതിയ വിവരങ്ങളും. ഭാര്യയുമായി വേര്‍പിരിഞ്ഞ പൈലറ്റ് അതിന്റെ ദുഖത്താല്‍ ആത്മഹത്യയ്ക്കു ശ്രമിച്ചതാണ് വിമാനം തകരാന്‍ കാരണമെന്നായിരുന്നു മുന്‍പ് പ്രചരിച്ചിരുന്നത്. അതോടെ പൈലറ്റിന് വില്ലന്‍ പരിവേഷം ലഭിക്കുകയും ചെയ്തു. എന്നാല്‍ ലഭിക്കുന്ന പുതിയ വിവരങ്ങള്‍ പൈലറ്റ് അഹമ്മദ്ഷായ്ക്ക് വീര പരിവേഷം നല്‍കുന്നതാണ്.
വിമാനം തകരാന്‍ പോകുകയാണെന്നു മനസിലാക്കിയ അഹമ്മദ്ഷാ വിമാനം ജനസാന്ദ്രതയേറിയ നഗരത്തില്‍ പതിക്കാതെ സമുദ്രത്തിലേക്കു പറപ്പിക്കുകയായിരുന്നുവെന്നാണ് പുതിയ കണ്ടെത്തല്‍. വിമാനം നഗരത്തില്‍ പതിച്ചിരുന്നെങ്കില്‍ ആയിരക്കണക്കിന് ആളുകള്‍ മരിക്കുമായിരുന്നു. 2014 മാര്‍ച്ച് എട്ടിനായിരുന്നു ക്വാലാലംപൂരില്‍ നിന്നും ബെയ്ജിംഗിലേക്കു പറന്ന ബോയിംഗ് 777 വിഭാഗത്തില്‍പ്പെട്ട വിമാനം റഡാറില്‍ നിന്നും അപ്രത്യക്ഷമായത്.
വിമാനം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചെന്ന സംശയത്തെത്തുടര്‍ന്ന് ഓസ്ട്രേലിയയിലെ പെര്‍ത്തിനോട് ചേര്‍ന്ന തീരങ്ങളില്‍ വ്യാപക തിരച്ചില്‍ നടത്തിയെങ്കിലും കാര്യമായ അവശിഷ്ടങ്ങള്‍ ലഭിച്ചിരുന്നില്ല. വിമാനത്തിന്റേതാണെന്നു പറയാവുന്ന അവശിഷ്ടം ആദ്യമായി കണ്ടെത്തിയത് 2015 ജൂലൈയില്‍ ഒരു ഫ്രഞ്ച് ദ്വീപിന്റെ തീരത്താണ്. രണ്ടാമത്തെ അവശിഷ്ടമാകട്ടെ ടാന്‍സാനിയയുടെ തീരത്തുള്ള പെംബ എന്ന ദ്വീപിലും.
വിമാനാവശിഷ്ടങ്ങള്‍ പരിശോധിച്ച ഓസ്ട്രേലിയന്‍ ഏവിയേഷന്‍ വിദഗ്ധന്‍ മൈക്കള്‍ ഗില്‍ബര്‍ട്ടാണ് പൈലറ്റിന്റെ ത്യാഗത്തെപ്പറ്റി വിശദീകരിച്ചത്. വിന്‍ഡ് ഷീല്‍ഡിന് തീപിടിച്ചതോടെ വിനിമയ സംവിധാനങ്ങള്‍ തകരാറായതായി ഗില്‍ബര്‍ട്ട് പറയുന്നു. കോക്പിറ്റില്‍ പുക നിറഞ്ഞപ്പോള്‍ അവിടെയുണ്ടായിരുന്നവര്‍ ആദ്യം ശ്രമിച്ചത് ഓക്സിജന്‍ മാസ്ക് ധരിക്കാനാണ്. അഗ്നി ശമനോപകരണം വീണ്ടെടുക്കാനുള്ള ശ്രമം പരാജയപ്പെടുകയും ചെയ്തു. സാധാരണപോലെ ലാന്‍ഡ് ചെയ്യാന്‍ ഒരു വഴിയുമില്ലെന്നു മനസിലാക്കിയ ശേഷം അഹമ്മദ് ഷാ വിമാനം കടലിലേക്കു പായിക്കുകയായിരുന്നുവെന്നാണ് ഗില്‍ബര്‍ട്ടിന്റെ നിഗമനം. ഇന്ധനം തീര്‍ന്നതിനെത്തുടര്‍ന്ന് വിമാനം കടലില്‍ പതിക്കുകയായിരുന്നെന്നാണ് താന്‍ ആദ്യം വിചാരിച്ചതെന്നും ഗില്‍ബര്‍ട്ട് പറയുന്നു.
വിമാനത്തിന്റെ പ്രധാന അവശിഷ്ടങ്ങള്‍ ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു. തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്. ഈ ഡിസംബറോടെ 46000 ചതുരശ്രമൈല്‍ പ്രദേശത്തെ തിരച്ചില്‍ പൂര്‍ത്തിയാക്കാമെന്നാണ് ധൗത്യസംഘം കരുതുന്നത്. പണത്തിന്റെ ഞെരുക്കം മൂലം മലേഷ്യ. ഓസ്ട്രേലിയ, ചൈന എന്നീ രാജ്യങ്ങള്‍ വിമാനാവശിഷ്ടങ്ങള്‍ തിരയുന്നത് തത്ക്കാലത്തേക്കു നിര്‍ത്തിവച്ചിരിക്കുകയാണ്.
എന്തായാലും പൈലറ്റ് സഹാരി അഹമ്മദ്ഷാ വില്ലനില്‍ നിന്നും നായകനിലേക്ക് ഉയര്‍ന്നിരിക്കുകയാണ്. ഇത്തരം നിര്‍ണായ സംഭവങ്ങളില്‍ മുമ്പു പല പൈലറ്റുമാരും കാണിച്ച ധീരത അഹമ്മദ്ഷാആവര്ത്തിക്കുകയായിരുന്നു എന്നും ഗില്‍ബര്‍ട്ട് പറയുന്നു.