തന്റെ ഫേസ്ബുക്ക് കാമുകനെ കൊല്ലാനായി ക്വട്ടേഷന്‍ നല്കി മലേഷ്യന്‍ യുവതി.. ബംഗളൂരുവില്‍ ഐടി എന്‍ജീനിയറായി ജോലി ചെയ്ത് വരുന്ന തേനി കാട്ടുനായ്ക്കംപട്ടി സ്വദേശിയായ എ അശോക് കുമാറിനെ കൊലപ്പെടുത്താനാണ് ഫേസ്ബുക്ക് കാമുകി ക്വട്ടേഷന്‍ നല്‍കിയത്. ക്വാലാലംപൂര്‍ ഇസ്താബാഗ് സ്വദേശിയായ വിഗ്നേശ്വരി എന്ന യുവതിയാണ് ക്വട്ടേഷന്‍ പിന്നില്‍. യുവാവിനെ വധിക്കാനായി എത്തിയ ഒമ്പതംഗ ക്വട്ടേഷന്‍ സംഘത്തെ തമിഴ്നാട് പോലീസ് പിടികൂടി.
മധുര ആവണിയാപുരം സ്വദേശി അന്പരശന്, കമുദി സ്വദേശി മുനിയസ്വാമി, വണിയപുക്കുളം സ്വദേശി തിരുമുരുകന്‍, അഭിരാമപുരം സ്വദേശി അയ്യനാര്, രാമേശ്വരം സ്വദേശി ജോസഫ് പാണ്ഡ്യന് കുമാര്‍, സംഘത്തലവന് നിലെകോട്ടൈ സ്വദേശി ഭാസ്കരന്, തേനി അല്ലി നഗര്‍ സ്വദേശികളായ യോഗേഷ്, ദിനേഷ്, കാര്‍ത്തിക് എന്നിവരാണ് പോലീസ് പിടിയിലായത്. വിഗ്നേശ്വരിയും അശോകും ഫേസ്ബുക്ക് വഴിയാണ് പരിചയപ്പെട്ടതും പ്രണയത്തിലാവുന്നതും. ഇരുവരും തമ്മില്‍ പണമിടപാടുകളുമുണ്ടായിരുന്നു.
പ്രണയം മൂത്തപ്പോള്‍ തന്നെ വിവാഹം ചെയ്യണമെന്ന് യുവതി ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ അശോക് വിസമ്മതിച്ചു. തുടര്‍ന്ന് തേനിയില്‍ എത്തി വിഗ്നേശ്വരി വീണ്ടും വിവാഹാഭ്യര്‍ത്ഥന നടത്തിയെങ്കിലും കാര്യമുണ്ടായില്ല. ഇതോടെ വധഭീഷണി മുഴക്കിയ ശേഷം വിഘ്നേശ്വരി നാട്ടിലേക്ക് തിരിക്കുകയായിരുന്നു. ഇതിനു ശേഷം അശോകിനെ കൊല്ലാന്‍ ഫേസ്ബുക്ക് വഴി അഞ്ചു ലക്ഷം രൂപയുടെ ക്വട്ടേഷന്‍ നല്കി.ഇതിന്റെ ആദ്യഗഡുവായി ഒരു ലക്ഷം യുവതി സംഘത്തിന് കൈമാറുകയും ചെയ്തിരുന്നു. സംഭവത്തില്‍ യുവതിക്കെതിരെ അന്വേഷണം തുടങ്ങിയതായി പൊലീസ് പറഞ്ഞു.