ക്വലാലംപൂര്‍:238 യാത്രക്കാരുമായി അപ്രത്യക്ഷമായ മലേഷ്യന്‍ വിമാനം ഇനി എന്നെന്നും ചുരുളഴിയാത്ത രഹസ്യമായി അവശേഷിക്കും. ക്വലാലംപൂരില്‍ നിന്നും ബെയ്ജിംഗിലേക്കുള്ള യാത്രാമധ്യേയാണ് മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ എംഎച്ച്370 വിമാനം 238 യാത്രക്കാരുമായി അപ്രത്യക്ഷമാകുന്നത്. 2014 മാര്‍ച്ച് എട്ടിനായിരുന്നു സംഭവം നടന്നത്.
ഇത് സംബന്ധിച്ച അന്തിമ റിപ്പോര്‍ട്ട് പുറത്തു വന്നതോടെ ഇനി വിമാനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുമെന്നുള്ള പ്രതീക്ഷയും അവസാനിക്കുകയാണ്. പൈലറ്റ് 40,000 അടി ഉയരത്തിലേക്ക് വിമാനം പറത്തി കാബിന്‍ പ്രഷര്‍ വര്‍ധിപ്പിച്ച് എല്ലാവരെയും കൊല്ലുകയും തുടര്‍ന്ന് കടലിന്റെ നടുവിലേക്ക് വീഴ്ത്തി അവശേഷിപ്പുകള്‍ പോലും ഇല്ലാതാക്കുകയുമായിരുന്നുവെന്നാണ് പുതിയ കണ്ടെത്തല്‍.
ദുരൂഹസാഹചര്യത്തില്‍ കാണാതായിരുന്നു ബോയിങ് 777 വിമാനത്തിന്റെ ക്യാപ്റ്റനായി പ്രവര്‍ത്തിച്ചിരുന്നത് സഹാരി അഹമ്മദ് ഷായായിരുന്നു. തന്റെ വിവാഹ ജീവിതം പ്രശ്‌നത്തിലകപ്പെട്ടതിനാല്‍ അദ്ദേഹത്തിന്റെ മാനസിക നില തകരാറിലായിരുന്നുവെന്നും അക്കാരണത്താലാണ് അദ്ദേഹം ഈ വിധത്തിലുള്ള ക്രൂരകൃത്യം നിര്‍വഹിച്ചതെന്നും സൂചനയുണ്ട്.
ഈ വിമാനം ഇത്തരത്തില്‍ യാത്രക്കിടെ തെക്കന്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലാണ് വീണതെന്നാണ് കണക്കാക്കുന്നത്. വിമാനം മണിക്കൂറുകളോളം പറന്ന ശേഷം സമുദ്രത്തില്‍ ഇടിച്ചിറക്കിയതിന് സാധ്യതയുണ്ടെന്ന് കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ പുറത്തിറക്കിയ ഒരു സേഫ്റ്റി റിപ്പോര്‍ട്ട് വെളിപ്പെടുത്തിയിരുന്നു.
തന്റെ വ്യക്തിപരമായ ജീവിതം താറുമാറായതിലുള്ള മനോവ്യഥ കാരണം പൈലറ്റ് ഷാ മേല്‍ പറഞ്ഞ കടുംകൈയാണ് വിമാനത്തെ തകര്‍ത്തതെന്നാണ് പുതിയ റിപ്പോര്‍ട്ടിലുള്ളത്. വിമാനം കാണാതായ ദിവസം പുലര്‍ച്ചെ 1.10നും 1.21നും ഇടയിലായിരുന്നു വിമാനത്തെ അവസാനമായി വിമാനം റഡാറില്‍ ദൃശ്യമായിരുന്നത്. അപ്പോള്‍ വിമാനം പറന്നിരുന്നത് 35,000 അടി ഉയരത്തിലായിരുന്നു.തുടര്‍ന്ന് റഡാറില്‍ നിന്നും വിമാനം കാണാതാവുകയായിരുന്നു.
പിന്നീട് വിമാനത്തെ പൈലറ്റ് 40,000 അടി ഉയരത്തിലേക്ക് പറത്തുകയായിരുന്നുവെന്നും ഇതിനെ തുടര്‍ന്ന് കാബിന്‍ പ്രഷര്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ഏവരും ശ്വാസം മുട്ടി മരിക്കുകയായിരുന്നുവെന്നുമാണ് ഇലക്ട്രിക്കല്‍ എന്‍ജിനീയറായ മൈക്ക് എക്‌നെര്‍ ദി അറ്റ്‌ലാന്റിക്കിനോട് വെളിപ്പെടുത്തിയിരിക്കുന്നത്.
വിമാനം 13,000 അടി ഉയരത്തിന് താഴെ പറക്കുമ്പോള്‍ മാത്രമാണ് ഓക്‌സിജന്‍ മാക്‌സുകള്‍ പോലുള്ളവ കൂടുതല്‍ നേരം പ്രയോജനപ്പെടുകയുള്ളുവെന്നും 40,000 അടി ഉയരത്തില്‍ പറക്കുമ്പോള്‍ ഇവ പ്രയോജനപ്പെടുകയില്ലെന്നും അതിനാല്‍ വിമാനം ഈ ഉയരത്തിലേക്ക് പറത്തിയതോടെ യാത്രക്കാര്‍ ശ്വാസം മുട്ടി മരിച്ചിരിക്കാമെന്നും പുതിയ റിപ്പോര്‍ട്ട് അനുമാനിക്കുന്നു.
പൈലറ്റായ ഷാ വിമാനത്തെ ഇത്തരത്തില്‍ ബോധപൂര്‍വം അപകടത്തില്‍ പെടുത്തുകയായിരുന്നുവെന്ന് വെളിപ്പെടുത്തി അദ്ദേഹത്തിന്റെ ഒരു അടുത്ത സുഹൃത്ത് മുന്നോട്ട് വന്നിട്ടുണ്ട്. എന്നാല്‍ ഇതിന്റെ പ്രത്യാഘാതങ്ങളെ ഭയന്ന് ഈ സുഹൃത്ത് തന്റെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. ഇത്തരത്തില്‍ വിമാനത്തെ അപകടത്തിലാക്കുന്നതിന് മുമ്പ് ഷാ തന്റെ സഹപൈലറ്റായ ഫാരിഖ് ഹമീദിനെ സൂത്രത്തില്‍ കാബിനിലേക്ക് പറഞ്ഞയച്ചിരുന്നുവെന്നും ഷായുടെ സുഹൃത്ത് വെളിപ്പെടുത്തുന്നു. എന്തായാലും ആ 238 പേരും വിമാനവും ഇനിയുള്ള കാലം ഒരു വേദനയായി അവശേഷിക്കും.