മാൽക്കമിന്റെ ഇടതു കൈത്തണ്ടയിൽ ജിമ്മി എന്നു വിളിപ്പേരുള്ള ഒരു അവയവമുണ്ട്. അത് അയാളുടെ ജനനേന്ദ്രിയമാണ്!
തീർച്ചയായും ഇതൊരു പ്രാന്തുപിടിച്ച പരിപാടിയാണ്- കൈത്തണ്ടയിൽ ജനനേന്ദ്രിയമുണ്ടാവുക എന്നത്. പക്ഷേ, രണ്ടാമതൊന്നുകൂടി ചിന്തിച്ചാൽ, സംഗതി ശരിക്കും ഗംഭീരംതന്നെ- മാൽക്കം പറയുന്നു.
ആദ്യം കേൾക്കുന്പോൾ ഇതൊരു സയൻസ്-ഫിക്ഷൻ കോമഡിയാണെന്നു തോന്നാം. ഒരാളുടെ ജനനേന്ദ്രിയം അസുഖം ബാധിച്ച് കൊഴിഞ്ഞുവീഴുന്നു. വിദഗ്ധനായൊരു ഡോക്ടർ കൃത്രിമമായൊന്ന് അയാളുടെ കൈയിൽ വളർത്തിയെടുക്കുന്നു. ഇത് സിനിമാക്കഥയോ നോവലോ അല്ല. യഥാർഥ സംഭവമാണ്.
കഥയല്ലിതു ജീവിതം
മാൽക്കം മക്ഡൊണാൾഡ് ഒരു മെക്കാനിക്കാണ്. നാല്പത്തഞ്ചു വയസ്. രണ്ടു കുട്ടികളുടെ പിതാവ്. വിവാഹമോചനം നേടിയയാൾ. ജീവിതം ഇംഗ്ലണ്ടിൽ.
വലിയ ആഗ്രഹങ്ങളൊന്നുമില്ലാത്ത ജീവിതം നയിച്ചുവന്ന മാൽക്കമിനെ അപ്രതീക്ഷിതമായി ഒരു അണുബാധ തളർത്തി. 2014ൽ ആയിരുന്നു ഇത്. ചികിത്സകളിലൂടെ ഏതാനും വർഷങ്ങൾ മുന്നോട്ടുപോയി. രക്തത്തിലുണ്ടായ അണുബാധ അയാളുടെ അവയവങ്ങളെ ബാധിച്ചുതുടങ്ങിയത് പെട്ടെന്നാണ്.
കൈകാലുകളിലെ വിരലുകൾ കറുത്തിരുണ്ടു. ആ നിറപ്പകർച്ച ജനനേന്ദ്രിയത്തെയും ബാധിച്ചു. പെരിനിയം എന്ന ഭാഗത്ത് അണുബാധ രൂക്ഷമായി. സെപ്സിസ് എന്നു വിളിക്കുന്ന ഗുരുതരമായ രോഗാവസ്ഥയിലേക്കു നീങ്ങിയതോടെ ഇനിയെന്തും സംഭവിക്കാം എന്ന നില.
മാൽക്കം പറയുന്നു: എനിക്കതൊരു ഹൊറർ സിനിമപോലെ തോന്നിയിരുന്നു. ശരിക്കും സമനില തെറ്റിയ അവസ്ഥ. എനിക്കറിയാമായിരുന്നു, അതു നഷ്ടപ്പെടാൻ പോകുകയാണെന്ന്. അങ്ങനെ ഒരുദിവസം അതു നിലത്തേക്കു കൊഴിഞ്ഞുവീണു. എപ്പോഴായാലും അതു സംഭവിക്കുമെന്ന് എനിക്കുറപ്പുണ്ടായിരുന്നതിനാൽ മെല്ലെ എടുത്ത് ചവറ്റുകുട്ടയിലേക്കിട്ടു!
ആശുപത്രിയിലേക്കു പോകാമെന്നുറപ്പിച്ചു. മൂത്രം പുറത്തുപോകാവുന്ന വിധത്തിൽ ഒരു കുറ്റിപോലൊന്ന് ശരിയാക്കിത്തരാനേ കഴിയൂ എന്ന് അവർ തീർത്തുപറഞ്ഞു. അതെന്റെ ഹൃദയം തകർക്കുന്നതായിരുന്നു.
മദ്യത്തിൽ ജീവിതം
അളവില്ലാതെ മദ്യപിക്കുന്ന ശീലത്തിലേക്കാണ് മാൽക്കം കൂപ്പുകുത്തിയത്. അയാളുടെ ആത്മവിശ്വാസം തകർന്നു തരിപ്പണമായി. അയാൾ തുടരുന്നു:
ജനനേന്ദ്രിയം നഷ്ടപ്പെട്ടതോടെ ഞാനൊരു പുരുഷന്റെ നിഴൽ മാത്രമായി ചുരുങ്ങിയെന്ന് എനിക്കു തോന്നിത്തുടങ്ങി. കണക്കില്ലാതെ മദ്യപിച്ചു. കുടുംബത്തെയും കൂട്ടുകാരെയുമൊന്നും ഓർത്തതേയില്ല. എനിക്ക് ആരെയും കാണുകയും വേണ്ടായിരുന്നു.
പ്രതീക്ഷയുടെ കിരണം
അങ്ങനെയൊരുദിവസം മാൽക്കമിന്റെ ഡോക്ടർ അയാളോടു പറഞ്ഞു- പെനിസ് മാസ്റ്റർ എന്നറിയപ്പെട്ട പ്രഫ. ഡേവിഡ് റാൽഫിനെക്കുറിച്ച്. ലണ്ടൻ യൂണിവേഴ്സിറ്റി കോളജ് ഹോസ്പിറ്റലിൽ കൃത്രിമ ജനനേന്ദ്രിയ വിദഗ്ധനാണ് പ്രഫ. റാൽഫ്. ജന്മനാ ജനനേന്ദ്രിയമില്ലാതിരുന്ന ഒരാൾക്കു കൃത്രിമ അവയവം പിടിപ്പിച്ചുനൽകിയയാളാണ് പ്രഫസർ എന്നറിഞ്ഞതോടെ മാൽക്കം ആവേശഭരിതനായി. സാധാരണ ജീവിതത്തിലേക്കു തിരിച്ചുപോകാമെന്ന പ്രതീക്ഷ അയാളിൽ നിറഞ്ഞിരുന്നു.
ഇലക്ട്രോ മെക്കാനിക്കൽ അവയവം!
പ്രഫ. റാൽഫ് ഒരു ബയോണിക് ജനനേന്ദ്രിയ വിദഗ്ധനായിരുന്നു. ശരീരത്തിൽനിന്നുള്ള ഭാഗങ്ങൾ ഉപയോഗിച്ചു നിർമിക്കുന്ന, എന്നാൽ വൈദ്യുതികൊണ്ടു പ്രവർത്തിക്കുന്ന യന്ത്രസഹായമുള്ള അവയവങ്ങളെയാണ് ബയോണിക് എന്നു വിളിക്കുന്നത്.
കൈത്തണ്ടയിൽ തുന്നിച്ചേർത്ത് ജനനേന്ദ്രിയം വികസിപ്പിക്കാവുന്ന സാധ്യതകളെക്കുറിച്ച് പ്രഫ. റാൽഫ് മാൽക്കമിനോടു വിശദീകരിച്ചു. ഏറ്റവും ചുരുങ്ങിയത് രണ്ടുവർഷം നീളുന്ന പ്രക്രിയയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. മാൽക്കം അതിനൊരുക്കമായിരുന്നു.
എന്നെ സംബന്ധിച്ച് അതൊരു പുതിയ തുടക്കമായി തോന്നി. ലൈംഗികാവശ്യം എന്നതിലുപരി വേണ്ടുംവണ്ണം മൂത്രമൊഴിക്കുക എന്നതായിരുന്നു എന്റെ ആഗ്രഹം. ആത്മവിശ്വാസം വീണ്ടെടുക്കാൻ എനിക്കതു നിർബന്ധമായിരുന്നു. അതിനകം രണ്ടു കുട്ടികൾ ഉണ്ടായിരുന്നതിനാൽ ശാരീരികാവശ്യം എനിക്കു പ്രധാനമല്ലായിരുന്നു- മാൽക്കം പറയുന്നു.
അക്ഷരാർഥത്തിൽ ഒരു ഡിസൈനർ ജനനേന്ദ്രിയമാണ് മാൽക്കം ശസ്ത്രക്രിയാ വിദഗ്ധരോട് ആവശ്യപ്പെട്ടത്. സാധാരണയിൽക്കവിഞ്ഞ് രണ്ടിഞ്ച് നീളം കൂടുതൽ വേണം എന്നായിരുന്നു ആവശ്യങ്ങളിലൊന്ന്. അതായത് തന്റെ പുതിയ അവയവം എങ്ങനെയിരിക്കണമെന്ന് അയാൾക്ക് നല്ല ബോധ്യമുണ്ടായിരുന്നു. ഡോക്ടർമാർ അതു സമ്മതിക്കുകയും ചെയ്തു.
ചർമത്തിന്റെ ഗുണനിലവാരം, സ്പർശനം തിരിച്ചറിയാനുള്ള കഴിവ് എന്നിവ പരിഗണിച്ച് ഡോക്ടർമാർ മാൽക്കമിന്റെ ഇടതുകൈ തെരഞ്ഞെടുത്തു. കൈയിൽനിന്ന് തൊലിയും മാംസവുമടക്കമുള്ള ഭാഗം മുറിച്ചെടുത്ത് ചുരുട്ടി ജനനേന്ദ്രിയത്തിന്റെ രൂപത്തിലാക്കി. അതിലേക്ക് കാലിൽനിന്നുള്ള രക്തക്കുഴലുകളും നാഡികളും കൂട്ടിയിണക്കി. ബീജവാഹിനിക്കുഴലുകൾ കൃത്രിമമായി സൃഷ്ടിച്ചു.
യാന്ത്രികമായ ഉദ്ധാരണം സൃഷ്ടിക്കാൻ ഒരു ചെറിയ ഹാൻഡ് പന്പ് അതിനോടു കൂട്ടിച്ചേർത്തു. പിന്നീട് ആ ഭാഗം കൈയിൽനിന്നു വേർപെടുത്തി ഒരറ്റംമാത്രം കൈയിൽ ഉറപ്പിച്ചു. സ്വാഭാവികമായി ചർമവും കോശങ്ങളും വളരാൻ തുടങ്ങുകയും ചെയ്തു.
ആദ്യമായി എന്റെ കൈത്തണ്ടയിൽ അതു കണ്ടപ്പോൾ വലിയ അഭിമാനം തോന്നി- മാൽക്കം പറയുന്നു. എനിക്കത് എന്റെ ശരീരത്തിന്റെ ഭാഗംതന്നെയാണ്. എനിക്കു കിട്ടാവുന്നതിൽവച്ച് ഏറ്റവും നല്ലത് എന്നുറപ്പുണ്ട്. അതുകൊണ്ടുതന്നെ ഞാനതിന് ഒരു ചെല്ലപ്പേരുമിട്ടു- ജിമ്മി., എന്റെ പുതിയ കൂട്ടുകാരൻ.
ഫുൾകൈയുള്ള ഷർട്ട് ഇടണം എന്ന ബുദ്ധിമുട്ടു മാത്രമേയുള്ളൂ. ആളുകൾ കളിയാക്കുകയൊക്കെ ചെയ്യും. അതു തമാശയായിത്തന്നെ എടുത്തില്ലെങ്കിൽ അതോടെ ഞാൻ തീരും. കൈയിൽ എന്താണ് മുഴച്ചിരിക്കുന്നതെന്ന് ആളുകൾ ചോദിക്കുന്പോൾ ഫോണ് ആണെന്നു പറഞ്ഞൊഴിയും.
ഉറപ്പിക്കാൻ റെഡി, പക്ഷേ…
രണ്ടു വർഷം കഴിഞ്ഞതോടെ കൃത്രിമ അവയവം യഥാസ്ഥാനത്ത് ഉറപ്പിക്കാമെന്ന നിലയിലായി. പക്ഷേ സമയമെത്തിയപ്പോഴേക്കും ഡോക്ടർക്ക് സുഖമില്ലാതായി. പല കാരണങ്ങളാൽ ശസ്ത്രക്രിയ വീണ്ടും രണ്ടുതവണ നീട്ടിവയ്ക്കപ്പെട്ടു.
അപ്പോഴേക്കും കോവിഡ് ഭീഷണിയെത്തി. ലണ്ടനിലെ ആശുപത്രിയിലേക്കു പോകുക എന്നത് അസാധ്യമായി. എത്രയുംവേഗം ശസ്ത്രക്രിയ നടത്തി അവയവത്തെ കൈയിൽനിന്നൊഴിഞ്ഞ് സ്വാഭാവിക ജീവിതത്തിലേക്കു മടങ്ങാമെന്നാണ് മാൽക്കമിന്റെ പ്രതീക്ഷ. ഈവർഷം അവസാനം ശസ്ത്രക്രിയ നടത്താമെന്ന് ഡോക്ടർമാരും കരുതുന്നു.
ഏതാണ്ട് അരലക്ഷം യൂറോ ഇതിനകം അയാൾ ഇതിനായി മുടക്കിക്കഴിഞ്ഞു. തുക കണ്ടെത്തിയതും വലിയ പ്രയാസങ്ങൾ സഹിച്ചാണ്. എങ്കിലും മാൽക്കം പറയുന്നു- കാശ് ഒരു വിഷയമല്ല!
തയാറാക്കിയത്: വി.ആർ.