ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ അധിക്ഷേപ പരാമർശം നടത്തിയ മൂന്നു മന്ത്രിമാരെ മാലദ്വീപ് ഭരണകൂടം പുറത്താക്കിയെങ്കിലും അവിടത്തെ ടൂറിസത്തിനു തിരിച്ചടിയാകുന്നു. മാലദ്വീപിലേക്കുള്ള എല്ലാ ബുക്കിംഗും റദ്ദാക്കിയതായി ഈസ്മൈട്രിപ്പ്. കോം അറിയിച്ചു.
മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിന് പിന്നാലെയാണ് മാലദ്വീപ് യുവജന സഹമന്ത്രി മറിയം ഷിവുന അപകീർത്തികരമായ പരാമർശം നടത്തിയത്. സഹമന്ത്രിമാരായ മാൽഷ, ഹസൻ സിഹാൻ എന്നിവരും ഇതേറ്റുപിടിച്ച് സമൂഹമാധ്യമ പ്ലാറ്റ്ഫോമായ എക്സിലൂടെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തുകയായിരുന്നു.
ഇന്ത്യൻ പ്രധാനമന്ത്രിയെ അധിക്ഷേപിച്ചത് വിനോദസഞ്ചാര മേഖലയ്ക്ക് കനത്ത അടിയാകുമെന്നു കണ്ട് മാലദ്വീപ് വേഗത്തിൽ മന്ത്രിമാർക്കെതിരേ നടപടി സ്വീകരിച്ചെങ്കിലും അതുകൊണ്ടൊന്നും ഇന്ത്യയിൽ സമൂഹമാധ്യമങ്ങളിൽ ആളിപ്പടരുന്ന മാലദ്വീപ് വിരുദ്ധ വികാരം ശമിച്ചിട്ടില്ല.
ഇന്ത്യയിലെ ചലച്ചിത്ര, ക്രിക്കറ്റ് താരങ്ങളടക്കമുള്ളവർ മാലദ്വീപിനെതിരേ രംഗത്തെത്തി. അക്ഷയ് കുമാർ, ജോൺ എബ്രഹാം, ശ്രദ്ധ കപൂർ, സൽമാൻ ഖാൻ, സച്ചിൻ തെൻഡുൽക്കർ ഉൾപ്പെടെയുള്ളവർ മാലദ്വീപ് മന്ത്രിയുടെ പരാമർശത്തെ വിമർശിച്ചും മാലദ്വീപിനേക്കാൾ മനോഹര ഇടമായി ലക്ഷദ്വീപിനെ ചൂണ്ടിക്കാട്ടിയും രംഗത്തെത്തി.
വിനോദസഞ്ചാരം മുഖ്യവരുമാന മാർഗങ്ങളിൽ ഒന്നായ മാലദ്വീപിൽ ദേശീയ വരുമാനത്തിന്റെ 28 ശതമാനവും വിനോദസഞ്ചാരത്തിൽനിന്നാണ് ലഭിക്കുന്നത്. ഓരോ വർഷവും 16 ലക്ഷം വിദേശസഞ്ചാരികൾ അവിടെ എത്തുന്നുണ്ട്. ഇതിൽ രണ്ടരലക്ഷത്തോളം പേരും ഇന്ത്യക്കാരാണ്. ആകെ അഞ്ചു ലക്ഷം ജനങ്ങൾ മാത്രമുള്ള മാലദ്വീപിൽ 25,000 പേർ ടൂറിസം മേഖലയിലാണ് ജോലി ചെയ്യുന്നത്.
വിവാദങ്ങൾക്കിടെ മാലദ്വീപ് പ്രസിഡന്റ് മൊഹമ്മദ് മൊയ്സു ഇന്നു ചൈനയിലെത്തും. ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങിന്റെ ക്ഷണം സ്വീകരിച്ചാണ് സന്ദർശനം. ഇരു രാജ്യങ്ങളും തമ്മിൽ സുപ്രധാന കരാറുകളിൽ ഒപ്പിടുമെന്നു ചൈന അറിയിച്ചു. നേരത്തെ നിശ്ചയിച്ചതാണ് സന്ദർശനം.