തുറവൂർ: ഗ്രാമപ്രദേശങ്ങളിലെ കള്ളുഷാപ്പുകൾ കൈയടക്കി വിദ്യാർഥികൾ. രാപകൽ വ്യത്യാസമില്ലാതെ വിദ്യാർഥികൾ കള്ളുഷാപ്പുകളിൽ എത്തുകയും മദ്യപിക്കുകയും ചെയ്യുന്നത് നിത്യകാഴ്ചയാണ്.
ആൺ-പെൺ വ്യത്യാസമില്ലാതെയാണ് ഗ്രാമപ്രദേശങ്ങളിലെ കള്ളുഷാപ്പുകളിൽ സ്കൂൾ, കോളേജ് വിദ്യാർഥികൾ എത്തുന്നത്.
പള്ളിത്തോട്-ചാവടി റോഡിൽ ഇരുവശങ്ങളിലുമായി പ്രവർത്തിക്കുന്നതുൾപ്പെടെയുള്ള ഗ്രാമപ്രദേശങ്ങളിലെ കള്ളുഷാപ്പുകളിലാണ് ഭക്ഷണം കഴിക്കാനെന്ന പേരിൽ വിദ്യാർഥികൾ എത്തുന്നതും അതോടൊപ്പം മദ്യപാനം നടത്തുന്നതും.
കള്ള് വാങ്ങി പൊതുറോഡിൽ നിന്ന് മദ്യപിക്കുന്നതും നിത്യകാഴ്ചയാണ്. കൂടുതലും ഇരുചക്രവാഹനങ്ങളിലും കാറിലും എത്തുന്നവരാണ്.
മദ്യം നൽകുന്നതിന് സർക്കാർ വ്യക്തമായ പ്രായപരിധിയുള്ളപ്പോൾ സ്കൂൾ വിദ്യാർഥികൾ യൂണിഫോമിൽപോലും കള്ളുഷാപ്പിൽ എത്തി മദ്യപാനം നടത്തിയിട്ടും പോലീസും എക്സൈസും കണ്ടില്ലെന്ന് നടിക്കുകയാണ്.
വൈകുന്നേരങ്ങളിൽ കള്ളുഷാപ്പിൽ എത്തി പടി വാങ്ങുന്നതല്ലാതെ എക്സൈസ് വകുപ്പ് ഇതുസംബന്ധിച്ച് അന്വേഷണം നടത്താനോ കുറ്റക്കാരായ കള്ളുഷാപ്പ് ഉടമകൾക്കെതിരേ നടപടി സ്വീകരിക്കാനോ തയാറാകുന്നില്ലെന്നു നാട്ടുകാർ ആരോപിക്കുന്നു.