സ്ത്രീകളെപ്പോലെ ഗര്‍ഭം ധരിച്ച് പ്രസവിച്ച് ഹെയ്ഡന് ക്രോസ് എന്ന പുരുഷന് ബ്രിട്ടീഷ് ചരിത്രത്തില്‍ ഇടംപിടിച്ചു. രാജ്യത്ത് ആദ്യമായാണ് ഒരു പുരുഷന് ഗര്‍ഭം ധരിച്ച് കുട്ടിക്ക് ജന്മം നല്‍കുന്നത്. പെണ്‍കുഞ്ഞിനാണ് ഈ പുരുഷ മാതാവ് ജന്മം നല്‍കിയത്. പ്രസവശേഷം ആശുപത്രി വിട്ട അമ്മയും ട്രിനിറ്റി ലെയ് എന്ന് പേരിട്ടിരിക്കുന്ന കുഞ്ഞും സുഖമായിരിക്കുന്നു. ഗ്ലോസസ്റ്റര്‍ഷയര്‍ റോയല്‍ ആശുപത്രിയില്‍ കഴിഞ്ഞമാസമായിരുന്നു പ്രസവം. സിസേറിയനിലൂടെയായിരുന്നു കുഞ്ഞിനെ പുറത്തെടുത്തത്. സ്ത്രീയായി ജനിച്ചയാളാണ് 21 വയസുള്ള ഹെയ്ഡന് ക്രോസ്. എന്നാല്‍ മൂന്നുവര്‍ഷം മുന്‍പ് ഹോര്‍മോണ്‍ ചികിത്സയും ശസ്ത്രക്രിയകളും നടത്തി പുരുഷനായി മാറുകയായിരുന്നു.
നിയമപരമായി പുരുഷന് ആയി മാറിയെങ്കിലും അണ്ഡാശയവും ഗര്‍ഭപാത്രവും നീക്കം ചെയ്തിരുന്നില്ല. അണ്ഡോല്പാദനം നിര്‍ത്താനുള്ള ചികിത്സയ്ക്ക് വേണ്ട തുക കണ്ടെത്താന്‍ കഴിയാതിരുന്നതോടെ പൂര്‍ണമായും പുരുഷനായി മാറാന്‍ ക്രോസിന് കഴിഞ്ഞിരുന്നില്ല. അണ്ഡോല്‍പാദനംകൂടി നിര്‍ത്തി പൂര്‍ണമായി പുരുഷനായി മാറിയാല്‍ പിന്നെ സ്വന്തം കുഞ്ഞ് എന്നത് സ്വപ്നമായി അവശേഷിക്കുമെന്ന സാഹചര്യത്തിലാണ് ഒരു കുട്ടിക്ക് ജന്മം നല്കാന് ഹെയ്ഡന് തീരുമാനിച്ചത്. തുടര്‍ന്ന് ഫേസ്ബുക്കിലൂടെ ബീജദാതാവിനെ കണ്ടെത്തി. തനിക്ക് കുഞ്ഞിനെ സമ്മാനിക്കാന്‍ സൗമനസ്യം കാണിച്ച ആളോട് താന്‍ കടപ്പെട്ടിരിക്കുന്നുവെന്ന് ഹെയ്ഡന് പറഞ്ഞു. ഒരു ടെക്സ്റ്റൈല്‍ ഷോപ്പിലെ ജീവനക്കാരനായിരുന്ന ഹെയ്ഡന് ക്രോസ് തല്ക്കാലം ജോലി അവസാനിപ്പിച്ചിരിക്കുകയാണ്. സ്വന്തമായി ഒരു കുഞ്ഞ് എന്ന തന്റെ സ്വപ്നം യാഥാര്‍ത്ഥ്യമായതോടെ ഇനി അണ്ഡോത്പ്പാദനം നിര്‍ത്തുന്നതടക്കമുള്ള ചികിത്സകള്‍ പൂര്‍ത്തിയാക്കി പൂര്‍ണമായും പുരുഷനാകാനാണ് തീരുമാനമെന്നും ഹെയ്ഡന് പറഞ്ഞു.