ജയിൽജീവിതം എങ്ങനെയുണ്ടെന്നറിയാൻ താത്പര്യമുണ്ടോ? എങ്കിൽ കുറ്റവാളിയാകണമെന്നു നിർബന്ധമില്ല. 500 രൂപ കൊടുക്കാനുണ്ടെങ്കിൽ ജയിലിൽ കിടന്ന് അവിടത്തെ വിശേഷങ്ങളൊക്കെ അറിയാം. ഹൈദരാബാദിലെ സംഗാറെഡി ജയിലിലാണ് ഇതിനുള്ള സൗകര്യങ്ങളുള്ളത്.
എന്നാൽ, ആരെങ്കിലും അങ്ങോട്ട് പണം നല്കി ജയിലിൽ കിടക്കുമോ എന്ന സംശയമുണ്ടെങ്കിൽ അതും അസ്ഥാനത്താണ്. കാരണം, മലേഷ്യക്കാരായ രണ്ടു ചെറുപ്പക്കാർ ക്വാലാലംപുരിൽനിന്ന് വിമാനം കയറിയതുതന്നെ ഈ ആഗ്രഹം നിറവേറ്റാനാണ്. ജയിലിൽ കിടക്കാൻ താത്പര്യമുള്ളവർക്ക് 500 രൂപ അടച്ച് നൈസാം രാജവംശത്തിന്റെ കാലത്ത് നിർമിച്ച ഹൈദരാബാദിലെ പുരാതന ജയിലിൽ 24 മണിക്കൂർ തങ്ങാം. ജയിലിലായിരിക്കുന്ന സമയത്ത് അവിടത്തെ നിയമങ്ങളൊക്കെ പാലിക്കണം. ഭക്ഷണവും വസ്ത്രവുമെല്ലാം ജയിൽപുള്ളികളുടേതുതന്നെ.
മലേഷ്യക്കാരായ ഇൻ വുവും ഓങ് ബൂണ്‍ ടെക്കും ഒരു ഓണ്‍ലൈൻ സൈറ്റിലൂടെയാണ് ഈ അപൂർവ ടൂറിസം പദ്ധതിയെക്കുറിച്ച് അറിയുന്നത്. ഇൻ വൂ ദന്തഡോക്ടറും ഓങ് ബൂണ്‍ ടെക് ബിസിനസുകാരനുമാണ്. കൂട്ടുകാരായ ഇരുവരും ജയിൽ അധികൃതരുമായി ബന്ധപ്പെട്ട് ഇവിടത്തെ ഒരു സെൽ ബുക്ക് ചെയ്യുകയായിരുന്നു. ഇതുവരെ 47 പേർ ഇവിടുത്തെ ജയിലിൽ താമസിക്കാൻ എത്തിയിട്ടുണ്ട്.