ആലപ്പുഴ: മലേഷ്യയിൽ ജോലിക്കു പോയ മലയാളിക്കു തൊഴിലുടമയുടെ ക്രൂര പീഡനമേൽക്കുന്നതായി പരാതി.
മലേഷ്യയിൽ ബാർബർ ജോലിക്കായി പോയ ആലപ്പുഴ പള്ളിപ്പാട് സ്വദേശി ഹരിദാസിനെ(47)യാണ് ദേഹമാസകലം പൊള്ളലേല്പിച്ചു ക്രൂര പീഡനത്തിനിരയാക്കിയതായി പരാതി ഉയർന്നിരിക്കുന്നത്.
ജോലി ചെയ്ത ശന്പളം ആവശ്യപ്പെട്ടപ്പോഴാണു പീഡനമേറ്റതെന്നു ഭാര്യ രാജശ്രീ പറയുന്നു. നാലു വർഷം മുന്പാണ് ഇദ്ദേഹം മലേഷ്യയിൽ ജോലിക്കായി പോയത്.
ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏജൻസി മുഖാന്തിരം ബാർബർ ജോലിക്കായാണു പോയത്. രണ്ടു മൂന്നു മാസം കൂടുന്പോഴായിരുന്നു ശന്പളം പോലും നല്കിയിരുന്നതത്രെ.
കഴിഞ്ഞ ആറു മാസമായി പണമൊന്നും നല്കിയിരുന്നില്ലെന്നും പറയുന്നു. ശരീരമാസകലം പൊള്ളലേല്പിച്ച് ഒരാഴ്ചയോളം മരുന്നൊന്നും നല്കാതെ പീഡിപ്പിച്ചതായും ഭാര്യ പറയുന്നു.
സുഹൃത്തുവഴി തന്റെ ചിത്രങ്ങൾ നാട്ടിലേക്കയച്ചുകൊടുത്തപ്പോഴാണ് വീട്ടുകാർ ക്രൂരപീഡനത്തിന്റെ വിവരങ്ങൾ അറിയുന്നത്.
പാസ്പോർട്ടും മറ്റും തൊഴിലുടമയുടെ കൈവശമായതിനാൽ തിരികെ വരാനുള്ള വഴികളും അടഞ്ഞിരിക്കുകയാണ്. നോർക്കയേയും മറ്റും ബന്ധപ്പെട്ടെങ്കിലും ഫലമൊന്നുമുണ്ടായിട്ടില്ല. എസ്പിക്കും എഡിഎമ്മിനും പരാതി നല്കിയിട്ടുണ്ട്.
ചെറിയ ഷെഡിൽ രണ്ടു പെണ്മക്കളുമായാണ് രാജശ്രീ താമസിക്കുന്നത്. എത്രയും പെട്ടെന്നു ജീവനോടെ ഭർത്താവിനെ നാട്ടിലെത്തിച്ചുതരണമെന്നാണ് ഇവരുടെ ആവശ്യം.