ഹരിപ്പാട്: മലേഷ്യയിൽ ജോലി വാഗ്ദാനം ചെയ്ത് ഒരുകോടി രൂപയിലധികം തട്ടിയെടുത്ത പ്രതിക്കെതിരേ പോലീസ് കേസെടുത്തു. രാമപുരത്ത് വാടകയ്ക്ക് താമസിച്ചുവരുന്ന കീരിക്കാട് തെക്ക് വാലയ്യത്ത് പവിശങ്കറിനെ(29)തിരെയാണ് കേസെടുത്തത്.
തമിഴ്നാട്ടിൽ തടഞ്ഞുവെച്ചിരുന്നിടത്തു നിന്ന് പോലീസ് മോചിപ്പിച്ച ഇയാളെ ഹൈക്കോടതിയിൽ ഹാജരാക്കിയ ശേഷമാണ് കേസെടുത്തത്. ഭാര്യ സ്മൃതി ഹേബിയസ് കോർപസ് നൽകിയതിനാലാണ് ഹൈക്കോടതിയിൽ ഹാജരാക്കിയത്. പ്രതി കനകക്കുന്ന് പോലീസിന്റെ കസ്റ്റഡിയിലാണ്. ഇന്ന് അറസ്റ്റ് രേഖപ്പെടുത്തുമെന്ന് എസ്.ഐ. ജി.സുരേഷ്കുമാർ പറഞ്ഞു.
തിരുനൽവേലിയിലെ പനഗൂടി പുഷ്പവാനത്തുളള കൃഷി തോപ്പിൽ നിന്ന് പവിശങ്കറിനെ വെളളിയാഴ്ച വൈകിട്ടാണ് മോചിപ്പിച്ചത്. തടഞ്ഞുവെച്ച പ്രതികളിലൊരാളെ പോലീസ് പിടികൂടിയിട്ടുണ്ട്. പനഗുടി സൗത്ത് സട്രീറ്റിലുളള ആന്റണി രാജ്(33)ആണ് പിടിയിലായത്.
ആന്റണി രാജ് തമിഴ് നാട്ടിൽ പവിശങ്കറിന്റെ ഏജന്റായി പ്രവർത്തിച്ചയാളാണ്. ഇയാൾ വാങ്ങി നൽകിയ പണം തിരികെ നൽകാത്തതാണ് തടഞ്ഞുവയ്ക്കാൻ കാരണമായത്. ഹരിപ്പാട് കോടതിയിൽ ഹാജരാക്കിയ ആന്റണി രാജിനെ റിമാൻഡ് ചെയ്തു. തടഞ്ഞുവെച്ച സംഘത്തിൽപ്പെട്ട മറ്റ് അഞ്ചുപേരെ കൂടി കേസിൽ ഇനി പിടികൂടാനുണ്ട്.
തടഞ്ഞുവെച്ചിരിക്കുന്നത് കാണിച്ച് ഭാര്യ സ്മൃതി ജൂണ് 24-ന് കേസ് നൽകിയിരുന്നു. 26-ന് പരാതിയിൽ കനകക്കുന്ന് പോലീസ് കേസെടുത്തു. തുടർന്ന് തമിഴ്നാട് പോലീസിന്റെ സഹായത്തോടെ എസ്.ഐ. ജി.സുരേഷ്കുമാറിന്റെ നേതൃത്വത്തിലുളള സംഘം അവിടെയെത്തി മോചിപ്പിക്കുകയായിരുന്നു.
ഇദ്ദേഹത്തെ വിടുന്നതിനായി ആദ്യം 1.5 കോടി രൂപയാണ് തട്ടിക്കൊണ്ടുപോയവർ ആവശ്യപ്പെട്ടിരുന്നത്. പിന്നീട് 50 ലക്ഷം തന്നാൽ മോചിപ്പിക്കാമെന്ന് അറിയിച്ചു. ഇതിനിടെയാണ് പോലീസെത്തി രക്ഷപ്പെടുത്തിയത്. ജോലിക്കായി നൽകിയ തുക തിരികെ ആവശ്യപ്പെട്ടതിനെത്തുടർന്നാണ് പവിശങ്കർ തമിഴ്നാട്ടിലേക്ക് പോയത്. തുടർന്ന് അവിടെ തന്നെയുളള കൂട്ടാളികൾ തടഞ്ഞുവയ്ക്കുകയായിരുന്നു.
ഏഴുമാസം മുൻപാണ് ജോലി വാഗ്ദാനം ചെയ്ത് ഇയാൾ കേരളത്തിലും തമിഴ്നാട്ടിൽ നിന്നുമുളള നൂറോളം പേരിൽ നിന്ന് തുക വാങ്ങിയത്. കേരളത്തിൽ തട്ടിപ്പിനിരയായത് അലപ്പുഴ, കൊല്ലം ജില്ലകളിൽ നിന്നുളളവരാണ്. കൊല്ലത്ത് ശാസ്താംകോട്ട, ചക്കുവളളി, ഭരണിക്കാവ് പ്രദേശങ്ങളിലുളളവരാണ് പണം നൽകിയവരിലധികവും.
പണം കൊടുത്തവർ കായംകുളം-കനകക്കുന്ന് സ്റ്റേഷനുകളിലുൾപ്പെടെ പരാതി നൽകിയിട്ടുണ്ട്. ഏകദേശം 60-ലക്ഷം രൂപയോളം കിട്ടാനുണ്ടെന്ന് കാണിച്ച് ഇതുവരെ പരാതി ലഭിച്ചിട്ടുണ്ട്.