തളിപ്പറമ്പ്: മലേഷ്യയില്‍ മരിച്ചനിലയിൽ കണ്ടെത്തിയത് കാമുകനെ വെട്ടിനുറുക്കിയ കേസിൽ പരോളിലിറങ്ങി മുങ്ങിയ പയ്യന്നൂർ സ്വദേശി ഡോ. ഓമനയല്ല. തിരുവനന്തപുരം വലിയതുറ വള്ളക്കടവിലെ ടിസി നമ്പര്‍ 45/469 പുന്നവിളാകം പുരയിടത്തില്‍ എല്ജിൻ- റൂബി ദന്പതികളുടെ മകള്‍ മെര്ളിന് റൂബി (37) യാണ് മരണമടഞ്ഞതെന്നു പോലീസ് സ്ഥിരീകരിച്ചു. ഇതുസംബന്ധിച്ച് തിരുവനന്തപുരം ഡിസിആര്‍ബി അസിസ്റ്റന്റ് പോലീസ് കമ്മീഷണറുടെ സുപ്രധാന സന്ദേശം ഇന്നലെ തളിപ്പറമ്പ് ഡിവൈഎസ്പിക്ക് ലഭിച്ചു.
മലേഷ്യന്‍ തലസ്ഥാനമായ ക്വലാലംപൂരിലെ പ്രധാന റെസിഡന്‍ഷ്യല്‍ ഏരിയകളിലൊന്നായ സുബാങ്ങ് ജായ സേലങ്കോറിലെ ഒരു കെട്ടിടത്തില്‍നിന്നു വീണ് സെപ്റ്റംബർ 29നാണു മെര്ളിന് മരിച്ചത്. മലേഷ്യയിലെ പ്രാദേശിക മോര്‍ച്ചറിയില്‍ മൃതദേഹം സൂക്ഷിച്ചവിവരം ഇന്ത്യന്‍ ഹൈക്കമ്മീഷണറേറ്റിലെ തൊഴിലാളി വിഭാഗം അറ്റാഷെ രാമകൃഷ്ണനാണു പുറംലോകത്തെ അറിയിച്ചത്.
മരണമടഞ്ഞത് മെര്‍ളിനാണെന്ന് തിരിച്ചറിഞ്ഞതിനെത്തടര്ന്ന് ഉറ്റവരെത്തി കഴിഞ്ഞ 18ന് മൃതദേഹം ഏറ്റുവാങ്ങി സംസ്കരിച്ചിരുന്നു. മലേഷ്യന്‍ പോലിസ് ഈ വിവരം ഇന്ത്യന്‍ ഹൈക്കമ്മീഷണറേറ്റിനെ അറിയിക്കുന്നതിലുണ്ടായ സാങ്കേതികപ്പിഴവുമൂലം പരസ്യം പുനഃപ്രദ്ധികരിച്ചതാണ് അഭ്യൂഹങ്ങൾക്കിടയാക്കിയത്.
മലയാളം അറിയാവുന്ന സ്ത്രീയെ മലേഷ്യയിൽ കെട്ടിടത്തിൽനിന്നു വീണ് മരിച്ചനിലയിൽ കണ്ടെത്തിയതായും ഇവരെക്കുറിച്ച് വിവരം ലഭിക്കുന്നവർ അറിയിക്കണമെന്നും ആവശ്യപ്പെട്ട് മലേഷ്യയിലെ ഇന്ത്യൻ ഹൈക്കമ്മീഷനാണ് കഴിഞ്ഞദിവസം പത്രങ്ങളിൽ പരസ്യം നൽകിയത്. ആദ്യം നൽകിയ പരസ്യത്തിലെ ഫോട്ടോ മാറ്റിയാണ് 25ന് വീണ്ടും പ്രസിദ്ധീകരിച്ചത്. മുഖം വ്യക്തമാകുന്ന വിധത്തിലുള്ള ഫോട്ടോയായിരുന്നു ആദ്യത്തെ പരസ്യത്തിലുണ്ടായിരുന്നത്. രണ്ടാമത് പരസ്യം നൽകിയപ്പോൾ മുഖത്തിന്റെ പകുതിഭാഗം മാത്രം ദൃശ്യമായ ഫോട്ടോ നൽകിയതും ആശയക്കുഴപ്പത്തിനിടയാക്കി.
പത്രത്തിലെ ഫോട്ടോ കണ്ട് മുൻ ഭർത്താവ് രാധാകൃഷ്ണനും മകളും മരിച്ചത് ഡോ. ഓമനയാണെന്നു പോലീസിനെ ധരിപ്പിക്കുകയായിരുന്നു. ബന്ധുക്കൾ അറിയിച്ചതനുസരിച്ച് തളിപ്പറന്പ് ഡിവൈഎസ്പി കെ.വി. വേണുഗോപാൽ മലേഷ്യൻ പോലീസുമായി ബന്ധപ്പെടുകയും വീട്ടുകാർ പറഞ്ഞ അടയാളങ്ങൾ ശരിയാണെന്ന് കണ്ടെത്തുകയും ചെയ്തു. ഇതിനുപിന്നാലെ പരസ്യത്തിലെയും ഡോ.ഓമനയുടെയും മുഖങ്ങള്‍ തമ്മില്‍ സാമ്യമുള്ളതിനാല്‍ പരിശോധിക്കണമെന്ന നാഷണല്‍ ക്രൈം റിക്കോര്‍ഡ്സ് ബ്യൂറോയുടെ നിര്‍ദേശവുമെത്തി.
ഡോ.ഓമനയ്ക്കുവേണ്ടി അന്വേഷണം നടത്തുന്ന തമിഴ്നാട് ക്യുബ്രാഞ്ചിന്റെ മധുര വിഭാഗം മൃതദേഹം തിരിച്ചറിയുന്നതിനായി മലേഷ്യയിലേക്കു പോകാന്‍ തയാറെടുപ്പ് നടത്തുന്നതിനിടയിലാണുപുതിയ വിവരം ലഭിച്ചത്. കാമുകനും കരാറുകാരനുമായ കെ.എം. മുരളീധരനെ കൊന്ന് സ്യൂട്ട്കെയ്സിലാക്കി തള്ളിയ ഡോ. ഓമനയാണ് മരിച്ചതെന്ന സംശയത്തിന് ഇതോടെ അവസാനമായി. എന്നാൽ, ജീവപര്യന്തം ശിക്ഷയനുഭവിക്കവേ 2001 ജനുവരി 29നു പരോളിലിറങ്ങിയ ശേഷം മുങ്ങിയ ഡോ. ഓമനയെവിടെ എന്ന ചോദ്യം ഇപ്പോഴും ഉത്തരമില്ലാതെ അവശേഷിക്കുന്നു.