മനോഹരമായ ബീച്ചുകൾകൊണ്ട് സന്പന്നമാണ് മാലി ദ്വീപ്. ലോകത്തിലെ ഏറ്റവും തെളിഞ്ഞ ജലസ്രോതസുകളും ആകാശവുമെല്ലാം ഇവിടെയാണെന്നാണ് പറയപ്പെടുന്നത്. മാലിദ്വീപിലെ മനോഹര കാഴ്ചകളിലേക്ക് ഒരു പുതിയ ദൃശ്യം കൂടി ചേർക്കപ്പെട്ടിരിക്കുന്നു- തിളങ്ങുന്ന ബീച്ചുകൾ!രാത്രിയിൽ നീല നിറത്തിൽ തിളങ്ങുന്ന മാലി ദ്വീപിലെ ഒരു ബീച്ചിന്റെ ചിത്രം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇന്റർനെറ്റിൽ കറങ്ങുന്നുണ്ടായിരുന്നു.
ആരെങ്കിലും ഫോട്ടോഷോപ്പ് ചെയ്ത ചിത്രമായിരിക്കും ഇതെന്നായിരുന്നു മിക്കവരുടെയും കമന്റ്. എന്നാൽ ഇത് ശരിക്കുള്ള ചിത്രങ്ങളാണെന്ന് സമുദ്ര ഗവേഷകനും അധ്യാപകനുമായ ജയിംസ് മോറിൻ പറയുന്നു.
മനുഷ്യന്റെ എൽഇഡി ലൈറ്റുകളല്ല, മറിച്ച് പ്രകൃതിയിലുള്ള ചില കുഞ്ഞൻ ജീവികളാണ് ഈ തിളക്കത്തിനു പിന്നിൽ. ഒസ്ട്രാകോഡ് ക്രസ്റ്റേഷ്യൻസ് എന്നു പേരുള്ള ഈ ജീവിക്ക് ഒരു മില്ലീമീറ്റർ മാത്രമാണ് നീളം. സീഡ് ഷ്രിം എന്നും ഇവയ്ക്ക് പേരുണ്ട്. ഒരു മിനിറ്റോളം തുടർച്ചയായി നീല പ്രകാശം പുറപ്പെടുവിക്കാൻ ഇവയ്ക്കാകും. ഇവ കൂട്ടമായി കടൽക്കരയിൽ എത്തിയതോടെയാണ് ബീച്ച് ആകെ നീലനിറത്തിൽ തിളങ്ങിയത്. ജമൈക്ക, പ്യൂർട്ടോ റിക്കോ,ബെൽജിയം എന്നിവിടങ്ങളിലൊക്കെ ഇടയ്ക്കിടെ ഇത്തരത്തിൽ തിളങ്ങുന്ന ബീച്ചുകൾ കാണാം.