ബെയ്ജിംഗ്: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പരാമർശത്തിന്റെ പേരിൽ ഇന്ത്യയുടെ കടുത്ത പ്രതിഷേധത്തിനിരയായ മാലദ്വീപിനു പിന്തുണയുമായി ചൈന. മാലദ്വീപിന്റെ ആഭ്യന്തരകാര്യങ്ങളിൽ കൈകടത്തുന്നത് ശക്തമായി എതിർക്കുന്നുവെന്നു ചൈന വ്യക്തമാക്കി.
ദ്വീപ് രാഷ്ട്രത്തിന് പരമാധികാരവും സ്വാതന്ത്ര്യവും ഉയർത്തിപ്പിടിക്കാനുള്ള അധികാരത്തെ പിന്തുണയ്ക്കുന്നതായും വികസനത്തിലേക്കുള്ള മാലദ്വീപിന്റെ യാത്രയെ സ്വാഗതം ചെയ്യുന്നതായും ചൈന അറിയിച്ചു.
മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ ചൈന സന്ദർശനത്തിനു പിന്നാലെയാണു പ്രതികരണം. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി മുയിസു കൂടിക്കാഴ്ച നടത്തിയിരുന്നു. തങ്ങളുടെ പ്രധാന താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി പരസ്പരം ശക്തമായി പിന്തുണയ്ക്കുന്നത് തുടരാൻ ചൈനയും മാലിദ്വീപും സമ്മതിക്കുന്നുവെന്നു സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.
നരേന്ദ്ര മോദിക്കും ഇന്ത്യക്കുമെതിരേ അഭിപ്രായപ്രകടനം നടത്തിയ മൂന്നു മന്ത്രിമാരെ മാലിദ്വീപ് സർക്കാർ സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ ഇവരെ പുറത്താക്കിയിട്ടില്ല. ചൈനയോട് ആഭിമുഖ്യം കാണിക്കുന്ന നേതാവാണ് മുഹമ്മദ് മുയിസു.