ന്യൂഡൽഹി: ഇന്ത്യയുടെ സുരക്ഷയെ തകർക്കാൻ തന്റെ രാജ്യം പ്രവർത്തിക്കില്ലെന്നു മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു. പ്രതിരോധം ഉൾപ്പെടെയുള്ള വിവിധ മേഖലകളിൽ വിലപ്പെട്ട പങ്കാളിയും സുഹൃത്തുമാണ് ഇന്ത്യയെന്നും മുയിസു പറഞ്ഞു.
ആദ്യ ഇന്ത്യ സന്ദർശനത്തിടെ ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണു മാലിദ്വീപ് പ്രസിഡന്റ് നിലപാടു വ്യക്തമാക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുയിസു കൂടിക്കാഴ്ച നടത്തി.
വിവിധ രാജ്യങ്ങളുമായുള്ള സഹകരണങ്ങളിലൂടെ വളർച്ചയും വികസനവും തന്റെ രാജ്യം ആഗ്രഹിക്കുന്നതായി ചൈന അനുകൂല നിലപാടു പുലർത്തുന്ന മുയിസു പറഞ്ഞു. അതേസമയം, ചൈനയുടെ പേരു മുയിസു പരാമർശിച്ചതുമില്ല.
അന്താരാഷ്ട്ര ബന്ധങ്ങൾ വിപുലപ്പെടുത്തുകയും ഏതെങ്കിലുമൊരു രാജ്യത്തെ അമിതമായി ആശ്രയിക്കുന്നത് കുറയ്ക്കുകയും ചെയ്യേണ്ടത് മാലിദ്വീപിന് അത്യന്താപേക്ഷിതമാണ്. എന്നാൽ, ഇത്തരം ഇടപെടലുകൾ ഇന്ത്യയുടെ താത്പര്യങ്ങളെ തകർക്കില്ലെന്നും മുയിസു പറഞ്ഞു.
മുയിസു അധികാരത്തിലെത്തിയതിനുശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വഷളായിരുന്നു. മാലിയിൽനിന്ന് ഇന്ത്യൻ സൈനികരെ മടക്കി അയയ്ക്കുന്നതുൾപ്പെടെയുള്ള പ്രാദേശികതാത്പര്യങ്ങൾ മുയിസുവിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളായിരുന്നു.