കറാച്ചി: പാക്കിസ്ഥാൻ പൊതുതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്ഥാനാർഥിയെ വെടിവച്ചുകൊന്നു. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യാ അസംബ്ലിയിലേക്കുള്ള സ്വതന്ത്ര സ്ഥാനാർഥി മാലിക് കലീം ഉള്ളയാണ് കൊല്ലപ്പെട്ടത്.
ഇയാളുടെ അനുയായികളായ രണ്ടുപേരും മരിച്ചു. വീടുകൾ കയറിയിറങ്ങി പ്രചാരണം നടത്തുന്നതിനിടെയാണ് കലീം ഉള്ള കൊല്ലപ്പെട്ടത്.
ബുധനാഴ്ച രാവിലെ, തെക്ക്-പടിഞ്ഞാറൻ പ്രവിശ്യയായ ബലൂചിസ്ഥാനിൽനിന്നുള്ള പാക്കിസ്ഥാൻ മുസ്ലീം ലീഗ് നവാസ് (പിഎംഎൽ-എൻ) ദേശീയ അസംബ്ലി സ്ഥാനാർഥി മിർ അസ്ലം ബുലേദിക്കുനേരേയും ആക്രമണമുണ്ടായിരുന്നു.
ഇയാൾക്കു ഗുരുതരമായി പരിക്കേറ്റിരുന്നു. രാഷ്ട്രീയമായും സാമ്പത്തികമായും ഏറെ പ്രശ്നങ്ങൾ നേരിടുന്ന പാക്കിസ്ഥാനിൽ ഫെബ്രുവരി എട്ടിനാണ് തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്.