നെടുമങ്ങാട്: വിദ്യാർഥിയെ തട്ടിക്കൊണ്ടു പോയി മർദിച്ചു റോഡിൽ തള്ളിയ കേസിൽ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.
അരുവിക്കര അഴിക്കോട് കൈലയം നൂറ മൻസിലിൽ മാലിക്കിനെ ആക്രമിച്ച കേസിലെ പ്രതികളായ പത്താംകല്ല് നാലുതുണ്ടത്തിൽ മേലേക്കര വീട്ടിൽ സുല്ഫ(42), നെടുമങ്ങാട് പത്താംകല്ല് നാലുതുണ്ടത്തിൽ മേലേക്കര വീട്ടിൽ സുനീർ (39), നെടുമങ്ങാട് പത്താംകല്ല് ഫാത്തിമ മൻസിലിൽ അയൂബ് (43), അരുവിക്കര ഇരുമ്പ കുന്നത്ത്നടയിൽ ചേമ്പുവിളകോണത്തിൽ നിഷാ വിലാസത്തിൽ ഷാജഹാൻ (56) എന്നിവരെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച രാവിലെ ഏഴിന് അരുവിക്കര സ്വദേശിയും മണ്ടക്കുഴി ജംംഗ്ഷനിലെ ചിക്കൻ സ്റ്റാളിലെ ജോലിക്കാരനുമായ മാലിക്കിനെ കടയിൽ നിന്നും തട്ടിക്കൊണ്ടുപോയി മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചതായാണ് പരാതി.
സുൽഫിയും സുനീറും മണ്ടക്കുഴി ജംഗ്ഷനിൽ നടത്തി വന്നിരുന്ന ഫർണിച്ചർ ഷോപ്പും തണ്ണിമത്തൻ വിൽപ്പന കേന്ദ്രവും അടിച്ചു തകർത്തത് മാലിക്കും ചേർന്നാണെന്നു തെറ്റിദ്ധരിച്ചാണ് മാലിക്കിനെ തട്ടിക്കൊണ്ട് പോയതെന്ന് പോലീസ് പറഞ്ഞു.
നെടുമങ്ങാട് എഎസ്പി രാജ് പ്രസാദിന്റെ നേതൃത്വത്തിൽ നെടുമങ്ങാട് പോലീസ് ഇൻസ്പെക്ടർ സന്തോഷ് കുമാർ, എസ്ഐ സുനിൽ ഗോപി എന്നവർ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡു ചെയ്തു .