കൊച്ചി: ഒടിടി റിലീസിന് പിന്നാലെ ഫഹദ് ഫാസില്‍ ചിത്രം മാലിക് ചോര്‍ന്നു. ചിത്രം ആമസോണ്‍പ്രൈം വഴി പ്രദര്‍ശനത്തിനെത്തി മിനിറ്റുകള്‍ക്കകമാണ് ടെലഗ്രാമിലെ നിരവധി ഗ്രൂപ്പുകളില്‍ ചിത്രത്തിന്റെ വ്യാജ പതിപ്പുകള്‍ പ്രത്യക്ഷപെട്ടത്.
27 കോടിയോളം മുതല്‍മുടക്കില്‍ ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് മാലിക് നിര്‍മിച്ചിരിക്കുന്നത്. ചിത്രം ചോര്‍ന്നതിന് പിന്നാലെ സംവിധായകന് മഹേഷ് നാരയണന് പ്രതികരണവുമായി രംഗത്തെത്തി.
ഇത്തരം പ്രവര്‍ത്തനങ്ങള്‍ മലയാള സിനിമയെ പ്രതിസന്ധിയിലാക്കുന്നു. ആമസോണിലൂടെ ചിത്രം കാണണം. തന്റെ എന്നല്ല ഏത് സംവിധായകന്റെ സിനിമയായാലും ഇത്തരം പ്രവണതകള്‍ സിനിമകള്‍ക്കു ബുദ്ധിമുട്ടാണെന്നും അദേഹം പറഞ്ഞു.
കഴിഞ്ഞ മേയ് 13ന് തീയേറ്റര്‍ റിലീസ് ചെയ്യാനാണ് പദ്ധതിയിട്ടിരുന്നത്. എന്നാല്‍ കോവിഡ് പ്രതിസന്ധി മൂലം തീയേറ്ററുകള്‍ അടച്ചതോടെ ചിത്രം ഡിജിറ്റല്‍ റിലീസ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.
രണ്ടാംതരംഗം നീണ്ടുപോകുന്ന സാഹചര്യത്തില്‍ സാമ്പത്തികപ്രതിസന്ധിയില്‍ നിന്നു രക്ഷനേടാന്‍ നിര്‍മാതാവ് ഒടിടി റിലീസിന് അനുമതി തേടി സംഘനയെ സമീപിച്ചിരുന്നു.
“ടേക്ക് ഓഫ്’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ഫഹദ് ഫാസിലും സംവിധായകന് മഹേഷ് നാരായണനും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണിത്. ചിത്രത്തിന് വേണ്ടി 20 കിലോയോളം ഭാരം കുറച്ച ഫഹദിന്റെ ചിത്രങ്ങള്‍ നേരത്തെ സമൂഹ മാധ്യമങ്ങളില്‍ വലിയ ശ്രദ്ധ നേടിയിരുന്നു.
ന്യൂനപക്ഷ സമുദായത്തിന് നേരേയുള്ള അനീതികള്‍ക്കെതിരായ ജീവിത സമരം ഉള്‍പ്പെടുന്ന യഥാര്‍ഥ ജീവിത സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള പൊളിറ്റിക്കല്‍ ഡ്രാമയാണ് “മാലിക്’. സുലൈമാന്‍ മാലിക് എന്ന കഥാപാത്രത്തെയാണ് ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്നത്. ചിത്രം വേള്‍ഡ്വൈഡ് റിലീസാണ്.
ഫഹദിനോടൊപ്പം നിമിഷ സജയന്, ജോജു ജോര്‍ജ്, ദിലീഷ് പോത്തന്, വിനയ് ഫോര്‍ട്ട് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഫഹദിന്റെ നാലാമത്തെ ഒടിടി റിലീസ് ചിത്രമാണിത്.