ചേർത്തല: നഗരമധ്യത്തിലെ സുപ്രധാന കേന്ദ്രങ്ങളിൽ കക്കൂസ് മാലിന്യം ഉൾപ്പെടെ മാലിന്യം റോഡിലൂടെ ഒഴുകുന്നത് ജനജീവിതം ദുസഹമാക്കുന്നു. നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഗാന്ധി ബസാർ ഷോപ്പിംഗ് കോംപ്ലക്സ് അങ്കണത്തിൽ കൂറ്റൻ കക്കൂസ് ടാങ്ക് പൊട്ടിയൊലിക്കാൻ തുടങ്ങിയിട്ട് നാളേറെയായി.
അസഹ്യമായ ദുർഗന്ധത്തോടെ മലിനജലവും കക്കൂസ് മാലിന്യവും ഇവിടെ പരന്നൊഴുകുകയാണ്. ഇരുനില കെട്ടിടത്തിന്റെ വിശാലമായ അങ്കണ നടുവിലാണ് സെപ്റ്റിക് ടാങ്കിന്റെ സ്ഥാനം. നിരവധി വർഷങ്ങൾക്കു മുന്പ് പ്രവർത്തനം ആരംഭിച്ച വ്യാപാര സമുച്ചയമാണിത്. എന്നാൽ ഇതേവരെ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കിയിട്ടില്ല. ഇതുമൂലമാണ് ടാങ്ക് പൊട്ടിയൊലിച്ച് മാലിന്യം ചുറ്റും പരന്നൊഴുകുന്നത്.
ഭക്ഷ്യമന്ത്രിയുടെ ക്യാന്പ് ഓഫീസ്, എസ്ബിഐ ശാഖ, ചുമട്ടുതൊഴിലാളി ക്ഷേമബോർഡ് ഓഫീസ് തുടങ്ങിയവ ഉൾപ്പെടെ 40ൽപരം സ്ഥാപനങ്ങൾ ഇവിടെയുണ്ട്. നൂറുകണക്കിനാളുകളാണ് നിത്യേന ഇവിടെയെത്തുന്നത്. മുനിസിപ്പാലിറ്റിക്ക് വാടകയിനത്തിൽ പ്രതിവർഷം ലക്ഷങ്ങൾ ലഭിക്കുന്പോഴും ശുചിത്വ പരിപാലനം ഉൾപ്പെടെയുള്ള പ്രാഥമിക കടമകൾ പോലും അധികൃതർ നിർവഹിക്കുന്നില്ലെന്ന് വാടകക്കാരും പൊതുജനങ്ങളും ആരോപിക്കുന്നു.
മഴക്കാലമായാൽ വെള്ളക്കെട്ട് ഇവിടെ പതിവാണ്. അതിന് മുന്പ് കക്കുസ് ടാങ്ക് വൃത്തിയാക്കി ചോർച്ച പരിഹരിച്ചില്ലെങ്കിൽ സ്ഥിതി വഷളാകും. കെഎസ്ആർടിസി സ്റ്റാൻഡിനു സമീപം ചേർത്തല-തണ്ണീർമുക്കം റോഡിന്റെ തെക്കുവശം മുനിസിപ്പൽ ഷോപ്പിംഗ് കോംപ്ലക്സ് കവാടം മുതൽ കിഴക്കോട്ട് മാലിന്യം പരന്നൊഴുകുകയാണ്. അസഹ്യമായ ദുർഗന്ധമാണ് ഇവിടെയുള്ളത്.
സമീത്തെ കലുങ്ക് പുനർനിർമാണം ആരംഭിച്ചതോടെയാണ് ഈ പ്രതിഭാസം കാണുന്നത്. കലുങ്ക് പൊളിച്ചതോടെ അതിലൂടെയുള്ള കാനയിലെ നീരൊഴുക്ക് തടസപ്പെട്ടു. തന്മൂലം വെള്ളത്തിൽ കലർന്ന മാലിന്യം കാനയിൽ നിറഞ്ഞ് കരയിലേക്ക് എത്തുകയാണ്. സമീപഭാഗത്തെ വ്യാപാര സ്ഥാപനങ്ങളിലെ മാലിന്യമാണ് ദുഷിച്ച് റോഡുവക്കിലൂടെ ഒഴുകുന്നത്. അസഹ്യമായ ദുർഗന്ധമാണ് ഇവിടെയുള്ളത്.
കലുങ്ക് പൊളിച്ചതോടെ ഇവിടംവഴി വാഹനഗതാഗതം തടസപ്പെട്ടതിനാൽ ആയിരങ്ങളാണ് കാൽനടയായി ഇവിടംവഴി കടന്നുപോകുന്നത്. ഇവരെല്ലാം മാലിന്യത്തിന്റെ രൂക്ഷത അനുഭവിക്കുകയാണ്. നേരത്തെയും കാന അടയുന്പോൾ ഈ പ്രതിഭാസം ഇവിടെ ഉണ്ടാകാറുണ്ട്. നഗരസഭ കാന വൃത്തിയാക്കിയാണ് പ്രശ്നം പരിഹരിച്ചിരുന്നതെന്ന് പരിസരത്തുള്ളവർ പറയുന്നു.