മുതലമട: ഒരുമാസമായി കാന്പ്രത്തുചള്ള പഴയപാതയിലെ അഴുക്കുചാലിലെ മലിനജലം കലർന്ന പൈപ്പുവെള്ളം കുടിവെളളമായി ഉപയോഗിക്കുന്നതായി നാട്ടുകാരുടെ പരാതി. പഞ്ചായത്ത് സെക്രട്ടറി, വാർഡ് മെംബർ തുടങ്ങിയവർക്കു പ്രദേശത്തെ ആരോഗ്യപ്രശ്നത്തെക്കുറിച്ചു പരാതി നല്കിയെങ്കിലും ഇതുവരെ നടപടിയുണ്ടായില്ലെന്ന് ജനങ്ങൾ ആരോപിച്ചു. അഴുക്കുചാലിന് അകത്താണ് കുടിവെള്ളപൈപ്പ് സ്ഥാപിച്ചിരിക്കുന്നത്.
പൊട്ടിയ പൈപ്പിലൂടെ കുടിവെള്ളം അഴുക്കുചാലിൽ നിറഞ്ഞു റോഡിലേക്ക് ഒഴുകി സമീപത്തെ കുളത്തിലേക്കാണ് പോകുന്നത്. അഴുക്കുചാലിനു സമീപത്തെ വീടുകളിലെകുളിമുറികളിൽനിന്നുള്ള വെള്ളവും അഴുക്കുചാലിലേക്കാണ് എത്തുന്നത്. ജലവിതരണം നിലച്ചാൽ മലിനജലം പൈപ്പിനകത്തേക്കു കയറും.
പിന്നീട് ജലവിതരണം തുടങ്ങുന്നതോടെ മലിനജലം കലർന്ന വെള്ളമാണ് വീടുകളിലേക്കും വ്യാപാര സ്ഥാപനങ്ങളിലേക്കും എത്തിച്ചേരുന്നത്.കുട്ടികൾ ഉൾപ്പെടെയുള്ളവർ മലിനജലം കലർന്ന വെള്ളം കുടിക്കുന്നതിനാൽ അസുഖങ്ങൾ പതിവാകന്നതായും ആരോപണം ശക്തമാണ്. മീങ്കര അണക്കെട്ടിൽനിന്നും പന്പുചെയ്യുന്ന കുടിവെള്ളം മുതലമട പഞ്ചായത്താണ് പഴയപാതയിൽ വിതരണം ചെയ്യുന്നത്.
നാട്ടുകാരുടെ പരാതിയെ തുടർന്നു നെന്മാറ ജലഅഥോറിറ്റി അസിസ്റ്റന്റ് എൻജിനീയർ പഴയപാതയിൽ പൈപ്പുപൊട്ടിയ സ്ഥലത്തെത്തി അന്വേഷണം നടത്തിയിരുന്നു. പിന്നീട് മുതലമട പഞ്ചായത്ത് പ്രസിഡന്റ് പൈപ്പ് റിപ്പയർ ചെയ്യാനും ആവശ്യപ്പെട്ടിരുന്നു.എന്നാൽ പൈപ്പ് നന്നാക്കി ശരിയാക്കുന്നതിനു പഞ്ചായത്ത് നടപടിയെടുത്തിട്ടില്ല.
ഇനിയും നിസംഗത തുടർന്നാൽ സ്ത്രീകളെയും കുട്ടികളെയും മുൻനിർത്തി പഴയപാത- ഗവണ്മെന്റ് ആശുപത്രി റോഡ് ഉപരോധിക്കാനുള്ള ഒരുക്കത്തിലാണ് ജനങ്ങൾ.