കൊല്ലങ്കോട്: ജനതിരക്കേറിയ ബ്ലോക്ക് ഓഫീസ് റോഡിൽ അഴുക്കുചാൽ അടഞ്ഞ് മലിനജലം റോഡിലൊഴുകുന്നതിനാൽ യാത്രക്കാർ മൂക്ക് പൊത്തിയാണ് ഇതുവഴി സഞ്ചാരം. മുതലമട, ആനമാറി, കുറ്റിപ്പാടം ഭാഗത്തേക്കുള്ള യാത്രക്കാർ ബസ് കാത്തുനിൽക്കുന്ന സ്ഥലത്താണ് ദുർഗന്ധം വമിക്കുന്നത്. ഈ സ്ഥലത്തെ മെഡിക്കൽ ഷാപ്പിൽ മരുന്നു വാങ്ങാൻ വരുന്നവർ പകർച്ചവ്യാധി ഭീഷണിയിലാണ് തിരിച്ചു പോവുന്നത്. ഈ സ്ഥലത്ത് വേറെയും നിരവധി വ്യാപാര സ്ഥാപനങ്ങളുമുണ്ട്.
പോലീസ് സ്റ്റേഷനും ബ്ലോക്കാഫീസിനുമിടയിലാണ് ഇത്തരത്തിൽ സാമൂഹ്യ അനീതി അരങ്ങേറുന്നത്. വൈകുന്നേര സമയങ്ങളിൽ വിദ്യാർത്ഥികൾ വീടുകളിലേക്ക് ബസ് കാത്തുനിൽക്കുന്നതും ഈ മലിനജലത്തിനു മുന്നിലാണ്. ഈസ്ഥലത്ത് വ്യാപാര സ്ഥാപനത്തിൽ കയറുന്നതിനിടെ വ്യദ്ധൻ വഴുതിവീണ സംഭവവും നടന്നിരുന്നു.
വൈകുന്നേരമാവുന്നതോടെ ബ്ലോക്ക് ഓഫീസ് വ്യാപാര സ്ഥാപനങ്ങൾ കൊതുകുശല്യം വർധിച്ചു വരികയാണ്. അടിയന്തരമായി അഴുക്കുചാൽ ശുചീകരണം നടത്തി മലിനജല കവിഞ്ഞൊഴുകുന്നതു തടയാൻ ബന്ധപ്പെട്ട അധികൃതർ നടപടി എടുക്കണമെന്നതാണ് യാത്രക്കാരുടെ ആവശ്യം.