ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി പരിസരത്ത് മാലിന്യ ടാങ്ക് പൊട്ടി മലിനജലം ആശുപത്രി പരിസരത്തേക്ക് ഒഴുകുന്നു. അത്യാഹിത വിഭാഗത്തിനു പിന്നിൽ സ്ഥാപിച്ചിട്ടുള്ള മാലിന്യ ടാങ്കാണ് പൊട്ടിയത്. ആശുപത്രി ജീവനക്കാരുടെയും ഡോക്ടർമാരുടെയും താമസസ്ഥലങ്ങളിൽ നിന്നുള്ള കക്കൂസ് മാലിന്യം ഉൾപ്പെടെയുള്ളവ പൈപ്പുകളിലൂടെ എത്തിച്ചേരുന്നത് ഈ ടാങ്കിലേക്കാണ്.
ഇവിടെ നിന്നും ട്രീറ്റ്മെന്റ് പ്ലാന്റിലേക്ക് മാലിന്യം ഒഴുക്കിവിടുകയാണ് ചെയ്യുന്നത്. പ്ലാന്റിൽ ശുദ്ധീകരിക്കുന്ന മലിനജലം അവിടെനിന്നും തോട്ടിലേക്കും ഒഴുക്കിവിടും.അത്യാഹിത വിഭാഗത്തിൽ ദിവസേന നൂറുകണക്കിന് രോഗികളാണ് എത്തുന്നത്. മലിനജലത്തിൽ നിന്നുള്ള ദുർഗന്ധം സഹിച്ച് കഴിയേണ്ട ദുരവസ്ഥയിലാണ് രോഗികൾ.
മാത്രവുമല്ല, ഈച്ചയും കൊതുകും മൂലം മറ്റു പലവിധ പകർച്ചവ്യാധികൾ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. മാലിന്യ ടാങ്കിന്റെ ചോർച്ച മാറ്റി മലിനജലം ആശുപത്രി പരിസരത്ത് ഒഴുകുന്നത് തടയാൻ അധികൃതർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് രോഗികളും കൂട്ടിരിപ്പുകാരും ആവശ്യപ്പെട്ടു.