ചാവക്കാട്: നഗരസഭാ ഓഫീസ് കെട്ടിടത്തിലെ കക്കൂസ് പൈപ്പ് പൊട്ടി മാലിന്യ മൊഴുകുന്നത് ഹോമിയോ ഡിസ്പെൻറിയിലെ പരിശോധന മുറിയിലേക്ക്. ഡോക്ടർ ഇരിക്കുന്ന പരിശോധന മുറിയിലും രോഗികൾ കാത്തിരിക്കുന്നിടത്തും കാല് കുത്താനാവാത്ത വിധം മാലിന്യം തളം കെട്ടി, മതിലിൽ പൂപ്പൽ പിടിച്ചിട്ടും അധികൃതർ അലംഭാവത്തിൽ. മാസങ്ങളായി തുടരുന്ന മാലിന്യമൊഴുക്കിൽ ഡിസ്പെൻസറിയുടെ ജനൽ ദ്രവിച്ചു.
നഗരസഭാ ഓഫീസ് കെട്ടിടത്തിൽ താഴത്തെ നിലയിൽ വെജിറ്റബിൾ മാർക്കറ്റിലേക്ക് കടക്കുന്ന ഭാഗത്താണ് നഗരസഭയുടെ ഹോമിയോ ഡിസ്പെൻസറി പ്രവർത്തിക്കുന്നത്. ഡിസ്പെൻസറിയുടെ നേര മുകളിൽ രണ്ടാം നിലയിലാണ് നഗരസഭ ജീവനക്കാരുൾപ്പടെയുള്ളവർ ഉപയോഗിക്കുന്ന കക്കൂസുകൾ. സമീപത്ത് തന്നെ നഗരസഭാ ചെയർമാനും വൈസ് ചെയർമാനും സെക്രട്ടറിയുടെയുടേതുൾപ്പടെയുള്ള ഓഫീസുകളും പ്രവർത്തിക്കുന്നുണ്ട്.
പൈപ്പ് പൊട്ടിയൊഴുകുന്ന മാലിന്യം ഒഴുകി താഴത്തെ നിലയിലെ മുറികളുടെ ഷട്ടറുകൾ തുരുമ്പിച്ച് പല വട്ടം മാറ്റി പണിയേണ്ടതായി വന്നിട്ടുണ്ട്. ഡിസ്പെൻസറിയുടെ പിൻഭാഗത്തെ ചവരിലെ ജനൽ വഴിയും മാലിന്യം ഒഴുകുന്നത് അകത്തേക്കാണ്.
ഡോക്ടർ ഇരിക്കുന്ന ഭാഗത്തും സമീപത്ത് കമ്പ്യൂട്ടർ വെച്ചിരിക്കുന്ന മേശയുടെ ഭാഗത്തും കൂടാതെ രോഗികൾ കാത്തിരിക്കുന്ന ഭാഗത്തുമാണ് മാലിന്യം തളം കെട്ടി നിൽക്കുന്നത്. ഇത് കാരണം രോഗികളിരിക്കുന്ന ഭാഗത്തെ കസേരകൾ മാറ്റി വേരൊരിടത്ത് അട്ടിവെച്ചിരിക്കുകയാണ്. സമീപത്ത് തന്നെ മരുന്നുകൾ സൂക്ഷിച്ചിരിക്കുന്നത്.