ലീഡ്സ്: ലസിത് മലിംഗയുടെ മാസ്മരിക പേസ് ആക്രമണത്തിൽ ഇംഗ്ലണ്ട് കടപുഴകി. ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ ഹോട്ട് ഫേവറിറ്റുകളായ ഇംഗ്ലണ്ട് ശ്രീലങ്കയുടെ സിംഹള വീര്യത്തിനു മുന്നിൽ അടിയറവു പറഞ്ഞു.
20 റണ്‍സ് ജയത്തോടെ ലങ്ക തങ്ങളുടെ സെമിഫൈനൽ സാധ്യത നിലനിർത്തി. 233 റണ്‍സ് എന്ന ലക്ഷ്യത്തിലേക്ക് എത്താൻ ഇംഗ്ലണ്ടിനെ ലങ്കൻ പോരാളികൾ അനുവദിച്ചില്ല. പത്ത് ഓവറിൽ ഒരു മെയ്ഡിൻ അടക്കം 43 റണ്‍സിന് മലിംഗ നാല് നിർണായക വിക്കറ്റുകൾ സ്വന്തമാക്കിയതാണ് കളിയുടെ ഗതി നിർണയിച്ചത്.
എയ്ഞ്ചൽ മാത്യൂസ്
ഇംഗ്ലണ്ടിനെതിരേ ശ്രീലങ്കയുടെ ഇന്നിംഗ്സിൽ ‘എയ്ഞ്ചൽ’ ആയത് എയ്ഞ്ചലോ മാത്യൂസ്. 12.5 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 62 റണ്‍സ് എന്ന നിലയിൽ പരുങ്ങുന്പോഴാണ് മാത്യൂസ് ക്രീസിലെത്തിയത്. 115 പന്തിൽ 85 റണ്‍സുമായി മാത്യൂസ് പുറത്താകാതെനിന്ന് ലങ്കയെ പൊരുതാനുള്ള സ്കോറിൽ എത്തിച്ചു.
കുശാൽ മെൻഡിസിനൊപ്പം നാലാം വിക്കറ്റിൽ 71 റണ്‍സിന്റെയും ധനഞ്ജയ ഡിസിൽവയ്ക്കൊപ്പം ആറാം വിക്കറ്റിൽ 57 റണ്‍സിന്റെയും കൂട്ടുകെട്ടുകൾ മാത്യൂസ് ഉണ്ടാക്കി. ധനഞ്ജയ 47 പന്തിൽ 29 റണ്‍സ് നേടി. കുശാൽ മെൻഡിസ് 68 പന്തിൽ രണ്ട് ഫോറിന്റെ സഹായത്താൽ 46 റണ്‍സ് എടുത്തു. ആദിൽ റഷീദിന്റെ പന്തിൽ ഇയോൻ മോർഗന്റെ ഉജ്വല ക്യാച്ചിലൂടെയാണ് കുശാൽ പുറത്തായത്. തൊട്ടടുത്ത പന്തിൽ ജീവൻ മെൻഡിസിനെ റിട്ടേണ്‍ ക്യാച്ചിലൂടെ ഗോൾഡൻ ഡക്കും ആക്കി ആദിൽ റഷീദ്.
റൂട്ട് ക്ലിയർ, പക്ഷേ…
ചെറിയ സ്കോറിലേക്ക് ബാറ്റ് ചലിപ്പിച്ച ഇംഗ്ലണ്ടിന്റെ തുടക്കം പിഴച്ചു. ലസിത് മലിംഗയുടെ പന്തിൽ ഓപ്പണർ ജോണി ബെയർസ്റ്റോ ഗോൾഡൻ ഡക്ക് ആയപ്പോൾ ആതിഥേയരുടെ അക്കൗണ്ടിൽ ഉണ്ടായിരുന്നത് ഒരു റണ്‍ മാത്രം. 2018 വരെ ഗോൾഡൻ ഡക്ക് ആകാതിരുന്ന ബെയർസ്റ്റോ ഈ വർഷം ഇതു മൂന്നാം തവണയാണ് നേരിട്ട ആദ്യ പന്തിൽ പുറത്തായത്.
സ്കോർബോർഡിൽ 26 റണ്‍സ് ഉള്ളപ്പോൾ ഓപ്പണർ ജയിംസ് വിൻസിയും (14 റണ്‍സ്) മലിംഗയ്ക്കു മുന്നിൽ കീഴടങ്ങി. 89 പന്തിൽ മൂന്ന് ഫോറിന്റെ സഹായത്തോടെ 57 റണ്‍സ് നേടിയ റൂട്ടിനെയും മലിംഗ മടക്കി. ഒരു ലോകകപ്പിൽ ഇംഗ്ലണ്ടിനായി ഏറ്റവും അധികം തവണ 50ൽ കൂടുതൽ റണ്‍സ് നേടുന്ന റിക്കാർഡിൽ (അഞ്ച് പ്രാവശ്യം) കെവിൻ പീറ്റേഴ്സണ് (2007), ജോനാഥൻ ട്രോട്ട് (2011) എന്നിവർക്കൊപ്പമെത്തി റൂട്ട്.
റൂട്ടിനു പിന്നാലെ ജോസ് ബട്ലറിന്റെ (10 റണ്‍സ്) വിക്കറ്റും മലിംഗ സ്വന്തമാക്കി. തുടർന്ന് മൊയീൻ അലി (16 റണ്‍സ്), ക്രിസ് വോക്സ് (രണ്ട് റണ്‍സ്), ആദിൽ റഷീദ് (ഒരു റണ്‍) എന്നിവരെ പുറത്താക്കി ധനഞ്ജയ ഡിസിൽവ ലങ്കയെ ജയത്തിലേക്ക് അടുപ്പിച്ചു.
82 റണ്‍സുമായി ഒരറ്റത്ത് പൊരുതിനിന്ന ബെൻ സ്റ്റോക്സിന് ഇംഗ്ലണ്ടിനെ ജയത്തിലെത്തിക്കാൻ സാധിച്ചില്ല.