ന്യൂഡൽഹി: മലിനീകരണം മൂലം ലോകവ്യാപകമായി ഒരു വർഷം ഒമ്പതു ദശലക്ഷം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടതായി പഠനം. ദി ലെസന്റ് നടത്തിയ പഠനമാണ് മലിനീകരണത്തിന്റെ ഭീകരത വെളിപ്പെടുത്തിയിരിക്കുന്നത്. മലിനീകരണം മൂലം 2015 ൽ ഒമ്പതു ദശലക്ഷം ആളുകൾ മരിച്ചതായാണ് ലെസന്റിന്റെ പഠനത്തിലെ കണ്ടെത്തൽ. ഇതിൽ ഭൂരിപക്ഷം പേരും മരണപ്പെട്ടിരിക്കുന്നത് താഴ്ന്ന വരുമാനമുള്ളതും ഇടത്തരം വരുമാനമുള്ളതുമായ രാജ്യങ്ങളിലാണെന്നാണ് പഠനം പറയുന്നത്. ബംഗ്ലാദേശും സൊമാലിയയുമാണ് മലിനീകരണത്തിന്റെ ഏറ്റവും വലിയ ഇരകൾ.
മലിനീകരണം മൂലമുള്ള മരണങ്ങളിൽ മൂന്നിൽ രണ്ടും വായുമലിനീകരണത്താൽ സംഭവിക്കുന്നതാണ്. വായുമലിനീകരണം 6.5 ദശലക്ഷം ആളുകളെയാണ് അകാലമരണത്തിലേക്ക് തള്ളിയിടുന്നത്. ജലമലിനീകരണമാണ് രണ്ടാമത്തെ വലിയ കൊലയാളി. വർഷാവർഷം 1.8 ദശലക്ഷം ആളുകൾ ജലമലിനീകരണം മൂലം മരണപ്പെടുന്നു. ഇത്തരം മരണങ്ങൾ 92 ശതമാനവും നടക്കുന്നത് ദരിദ്രരാജ്യങ്ങളിലാണെന്നും പഠനം പറയുന്നു.
ബ്രൂണൈയും സ്വീഡനുമാണ് മലിനീകരണ മരണങ്ങളിൽ പിന്നിൽനിൽക്കുന്ന രാജ്യങ്ങൾ. ഹൃദ്രോഗങ്ങൾ, പക്ഷാഘാതം, ശ്വാസകോശാർബുദം തുടങ്ങിയ രോഗങ്ങളാണ് മലിനീകരണം സമ്മാനിക്കുന്നത്. മലിനീകരണം കൂടുതലുള്ള രാജ്യങ്ങളിൽ ഇന്ത്യ അഞ്ചാം സ്ഥാനത്താണ്. ഇന്ത്യക്കു പിന്നിലായാണ് നേപ്പാൾ. ഇതിനും ഏറെ പിന്നിലാണ് പാക്കിസ്ഥാന്റെ സ്ഥാനം.