പന്ത്രണ്ട് മണിക്കൂർ, രണ്ട് ടീം, രണ്ട് രാജ്യത്തായി രണ്ട് മത്സരം, വീഴ്ത്തിയത് 10 വിക്കറ്റ്. ക്രിക്കറ്റ് ലോകത്തിൽ ഇതുപോലെ അധ്വാനിക്കാനും പ്രകടനം കാഴ്ചവയ്ക്കാനും മനസുള്ളത് ഒരു താരത്തിനു മാത്രമെന്നാണ് വിലയിരുത്തൽ. താരം മറ്റാരുമല്ല ഐപിഎൽ ട്വന്റി-20യിൽ ആരാധകരുടെ ഇഷ്ട ടീമുകളിലൊന്നായ മുംബൈ ഇന്ത്യൻസിന്റെ ലസിത് മലിംഗ. പ്രായം മുപ്പത്തഞ്ചാണെങ്കിലും ലളിതമായാണ് ലസിത് കാര്യങ്ങൾ ചെയ്യുന്നത്. സംഭവം ഇങ്ങനെ:
മുംബൈ ഇന്ത്യൻസ് – ചെന്നൈ സൂപ്പർ കിംഗ്സ് ഐപിഎൽ പോരാട്ടം. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ ചെന്നൈയെ 37 റണ്‍സിനു കീഴടക്കാൻ മുംബൈ ഇന്ത്യൻസിനെ സഹായിച്ചത് മലിംഗയുടെ ബൗളിംഗ് പ്രകടനംകൂടിയായിരുന്നു. നാല് ഓവറിൽ 34 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് മലിംഗ വീഴ്ത്തി. ഷെയ്ൻ വാട്സണ്, കേദാർ ജാദവ്, ഡ്വെയ്ൻ ബ്രാവോ എന്നിവരുടെ വിക്കറ്റുകളാണ് ലങ്കൻ താരം സ്വന്തമാക്കിയത്.
ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ ഐപിഎൽ മത്സരത്തിൽ വിജയം കണ്ടതിന് ശേഷം മുംബൈ ഇന്ത്യൻസ് താരങ്ങളെല്ലാം ഹോട്ടലിൽ ആഘോഷത്തിന് പോയപ്പോൾ, മലിംഗ പോയത് എയർപോർട്ടിലേക്ക്. മുംബൈയുടെ മത്സരം കഴിഞ്ഞ് അർധരാത്രിയോടെ മലിംഗ ശ്രീലങ്കയിലേക്ക് വിമാനം കയറി.
ശ്രീലങ്കൻ അഭ്യന്തര ഏകദിന ടൂർണമെന്റായ സൂപ്പർ ഫോർ പ്രൊവിൻഷ്യൽ മത്സരത്തിനായി ഗാലെയ്ക്കുവേണ്ടി കളിക്കാനായിരുന്നു മലിംഗ പോയത്. മുംബൈയിൽനിന്ന് രണ്ടര മണിക്കൂർ യാത്ര ചെയ്ത് കൊളംബോയിലെത്തിയ മലിംഗ അവിടുന്ന് കാറിൽ മത്സരം നടക്കുന്ന കാൻഡിയിലെത്തി.
ഏകദേശം പുലർച്ചെ നാല് മണിയോടെ കാൻഡിയിൽ. അൽപസമയത്തെ ഉറക്കത്തിനും വിശ്രമത്തിനുംശേഷം ഇന്നലെ രാവിലെ 9.45 ന് കാൻഡിക്കെതിരേ ഗാലയെ നയിച്ച് മലിംഗ കളത്തിൽ. എതിരാളികളുടെ ബാറ്റിംഗ് നിരയിലേക്ക് ചുഴലിക്കാറ്റായി വീശിയടിച്ച മലിംഗ ആദ്യ അഞ്ച് വിക്കറ്റും പിഴുതു.
അതോടെ കാൻഡി അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 40 റണ്‍സ് എന്ന ദയനീയ അവസ്ഥയിൽ. മത്സരം അവസാനിച്ചപ്പോൾ മലിംഗ 49 റണ്‍സിന് ഏഴ് വിക്കറ്റ് സ്വന്തമാക്കിയിരുന്നു. ഗാലെയ്ക്ക് 156 റണ്‍സ് ജയവും ക്യാപ്റ്റൻ ഒരുക്കി. ഐപിഎൽ കളിച്ചതിനു പത്ത് മണിക്കൂറിനു ശേഷം ദീർഘദൂര യാത്ര കഴിഞ്ഞ് 50 ഓവർ പോരാട്ടത്തിനായി മലിംഗയിറങ്ങി.
സൂപ്പർ പ്രൊവിൻഷ്യൽ ടൂർണമെന്റ് നടക്കുന്നതിനാൽ തൽക്കാലം ഐപിഎലിൽ നിന്ന് വിട്ടുനിൽക്കുന്ന മലിംഗ, അടുത്ത വ്യാഴാഴ്ചയോടെ മുംബൈ ഇന്ത്യൻസിലേക്ക് തിരിച്ചെത്തും. ലോകകപ്പിനു മുന്നോടിയായി ലങ്കൻ ആഭ്യന്തര ഏകദിന മത്സരത്തിൽ എല്ലാ കളിക്കാരും പങ്കെടുക്കണമെന്ന് ലങ്കൻ ക്രിക്കറ്റ് ബോർഡ് കർശന നിർദേശം നല്‍കിയിട്ടുണ്ട്. അതിനാലാണ് മലിംഗ നാട്ടിലേക്ക് മടങ്ങിയത്.
ഐപിഎൽ ചരിത്രത്തിൽ വിജയ സെഞ്ചുറി തികച്ച ആദ്യ ടീം എന്ന നേട്ടം ഇനി മുംബൈ ഇന്ത്യൻസിനു സ്വന്തം. മുംബൈ 20 ഓവറിൽ നേടിയ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 170 റണ്‍സ് എന്ന ലക്ഷ്യത്തിലേക്കുള്ള ചെന്നൈയുടെ യാത്ര 20 ഓവറിൽ എട്ടിന് 133ൽ അവസാനിച്ചതോടെയാണിത്.
ചെന്നൈക്കെതിരായ 37 റണ്‍സ് ജയം ഐപിഎൽ ട്വന്റി-20യിൽ മുംബൈ ഇന്ത്യൻസിന്റെ 100-ാം വിജയമായിരുന്നു. 2019 സീസണിൽ ചെന്നൈയുടെ ആദ്യ തോൽവിയായിരുന്നു. 2013, 2015, 2017 വർഷങ്ങളിൽ ഐപിഎൽ കിരീടം മുംബൈ സ്വന്തമാക്കിയിട്ടുണ്ട്.