കെ.കെ.അർജുനൻ
മുളംകുന്നത്തുകാവ്: തൃശൂർ മെഡിക്കൽ കോളജിലാണ് 15 വർഷം മുൻപ് ഒരു കോടിയോളം രൂപ ചിലവിട്ട് മഴവെള്ള സംഭരണി നിർമിച്ചത്. മെഡിക്കൽ കോളജിലെ രൂക്ഷമായ കുടിവെള്ള പ്രശ്നം പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത് നിർമിച്ചത്. ഒന്നരപതിറ്റാണ്ട് പിന്നിടുന്പോഴും ഒരു തുള്ളി വെള്ളം പോലും സംഭരിക്കാൻ സാധിച്ചില്ല. നിർമാണത്തിലെ പാളിച്ചകൾ മൂലമാണ് ജലസംഭരണം നടക്കാത്തത്.
30 അടി താഴ്ചയിൽ 25 സെന്റ് സ്ഥലത്താണ് ജലസംഭരണി നിർമിച്ചിരിക്കുന്നത്. ഇതിനായി സംഭരണക്കടുത്തുള്ള സ്ഥലം വരെ വിട്ടുകൊടുത്തിരുന്നു. സമീപത്ത് വെള്ളമുണ്ടായിരുന്ന കിണറും പദ്ധതിക്കുവേണ്ടി നശിപ്പിച്ചു. ആശുപത്രി കെട്ടിടങ്ങൾ നിർമിക്കാൻ വേണ്ടി എട്ടുവർഷം ഈ കിണറ്റിൽ നിന്ന് വെള്ളമെടുത്തിരുന്നുവെന്നും സമീപപഞ്ചായത്തുകളിലേക്കുള്ള കുടിവെള്ളം ഈ കിണറിൽ നിന്ന് കൊണ്ടുപോയിരുന്നുവെന്നും ആ കിണർ നല്ല രീതിയിൽ സംരക്ഷിച്ചിരുന്നുവെങ്കിൽ ആശുപത്രിയിലെ കുടിവെള്ളക്ഷാമം പരിഹരിക്കാമായിരുന്നുവെന്നും പലരും ചൂണ്ടിക്കാട്ടുന്നു. എന്നാൽ ആ കിണർ ഇല്ലാതാക്കി ജലസംഭരണി നിർമിച്ചപ്പോൾ ജലക്ഷാമം രൂക്ഷമാവുകയായിരുന്നു.
അയ്യന്തോളിലെ സർക്കാർ ഏജൻസിയാണ് ജലസംഭരണിയുടെ നിർമ്മാണം നടത്തിയത് ആശുപത്രി കെട്ടിടത്തിൽ നിന്നും വരുന്നതും മഴവെള്ളവും വിവിധ മാർഗങ്ങളിലൂടെ എത്തുന്ന വെള്ളവും ശേകരിച്ച് ശുദ്ധീകരിച്ച് വിതരണം ചെയ്യാനാണ് സംഭരണി നിർമിച്ചത്. എന്നാൽ നിർമാണത്തിലെ പാളിച്ച മൂലം പദ്ധതി പൂർണതയിൽ എത്തിക്കാതെ സർക്കാർ ഏജൻസി കയ്യൊഴിഞ്ഞു. ഇതുമൂലം ഒരു കോടി രൂപയും മെഡിക്കൽ കോളജിന്റെ സ്ഥലവും നഷ്ടമായി.
മറ്റു വികസനപ്രവൃത്തികൾ ഇവിടെ ചെയ്യാനും സാധിക്കാത്ത സ്ഥിതിയാണ്. ആശുപത്രിയിൽ നിന്നും ഒഴുകിയെത്തുന്ന കക്കൂസ് മാലിന്യമടക്കമുള്ള മാലിന്യങ്ങളാണ് ഇപ്പോൾ ഈ ജലസംഭരണിയിലേക്ക് വന്നെത്തുന്നത്. തെരുവുനായ്ക്കൾക്ക് വിശാലമായി വിഹരിക്കാനും സൗകര്യമേറെ. ജലസംഭരണിക്ക് സമീപമുള്ള വീടുകളിലെ കിണറുകളും ഇപ്പോൾ ഈ മാലിന്യം മൂലം മലിനപ്പെട്ടിരിക്കുന്നു. അധികൃതരോട് പരാതിപ്പെട്ടിട്ടും നടപടികളായില്ല.
മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇപ്പോൾ റേഷൻ സംവിധാനത്തിലൂടെ രണ്ടോ മൂന്നോ നേരം മാത്രമാണ് വെള്ളം നൽകുന്നത.് പ്രാഥമിക ആവശ്യങ്ങൾക്ക് പോലും വെള്ളം പലപ്പോഴും ലഭിക്കാത്ത അവസഥയാണ്. അമൃതവാഹിനിയാകുമെന്ന് സ്വപ്നം കണ്ട് നിർമിച്ച ഈ ജലസംഭരണി നന്നാക്കിയെടുത്താൽ ആ സ്വപ്നം യാഥാർത്ഥ്യമാക്കാം. കുടിവെള്ള പ്രശ്നവും പരിഹരിക്കാം.