കൊട്ടാരക്കര: രാത്രിയിൽ ശുചിമുറി മാലിന്യം ടാങ്കറിൽ നിറച്ചുചു കൊണ്ടുവന്ന് തോട്ടിലേക്കു തള്ളുന്നതിനിടയിൽ മിനിലോറി താഴ്ചയിലേക്കു മറിഞ്ഞു. മിനിലോറിയും വാഹന ഉടമയെയും കൊട്ടാരക്കര പോലീസ് കസ്റ്റഡിയിലെടുത്തു.
വെട്ടിക്കവല പനവേലിൽ നിരപ്പിൽ ഭാഗത്തെ തോട്ടിലേക്കാണ് ശുചിമുറി മാലിന്യം തള്ളിയത്.
ഇതിനിടയിൽ മിനിലോറി താഴ്ചയിലേക്കു മറിയുകയായിരുന്നു. ടാങ്കർ തകരുകയും ചെയ്തു. മിനിലോറിയിലുണ്ടായിരുന്നവർ വാഹനമുപേക്ഷിച്ച് കടന്നു കളഞ്ഞു. തിങ്കളാഴ്ച രാത്രിയിലാണ് സംഭവം.ഇന്നലെ രാവിലെയാണ് നാട്ടുകാരുടെ ശ്രദ്ധയിൽ പെടുന്നത്.
അവർ പഞ്ചായത്ത് പ്രതിനിധികളെ വിവരമറിയിക്കുകയും, സ്ഥലത്തെത്തിയ പഞ്ചായത്ത് പ്രതിനിധികൾ പോലീസിൽ പരാതിപ്പെടുകയുമായിരുന്നു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി വാഹനം കസ്റ്റഡിയിലെടുത്തു.
അന്വേഷണത്തിൽ കണ്ടെത്തിയ വാഹന ഉടമ മാവേലിക്കര ചെന്നിത്തല സ്വദേശി സുധീറിനെയും പിന്നീട് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രക്ഷപെട്ട പ്രതികൾക്കായി തെരച്ചിലാരംഭിച്ചു. വാഹനത്തിന്റെ പെർമിറ്റ് റദ്ദുചെയ്യാൻ മോട്ടോർ വാഹന വകുപ്പിനോടാവശ്യപ്പെടുമെന്ന് പോലീസ് അറിയിച്ചു.
രണ്ടു മാസത്തിനിടയിൽ നിരപ്പിൽ ഭാഗത്ത് അഞ്ചു തവണ ശുചി മുറി മാലിന്യം തള്ളിയിരുന്നതായി പ്രദേശവാസികൾ പറഞ്ഞു. വാളകം പോലീസ് എയ്ഡ് പോസ്റ്റിൽ വിവരമറിയിച്ചിട്ടും ഒരു നടപടിയുമുണ്ടായില്ലെന്നാണ് നാട്ടുകാരുടെ പരാതി.