കോതമംഗലം: നഗരസഭയുടെ മാലിന്യ സംസ്കരണ പ്ലാന്റ് നാടിന് ശാപമാകുന്നു. മഴക്കാലം ആരംഭിച്ചതോടെ കന്പളത്തുമുറിയിലെ മാലിന്യക്കൂനയിൽ നിന്നു കറുത്ത നിറത്തോടെ ഒഴുകിയിറങ്ങുന്ന ജലം കോതമംഗലത്തുകാരുടെ കുടിവെള്ളവുമായി ചേരുന്നത് ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിവെക്കുമെന്ന ഭീതിയിലാണ് പ്രദേശവാസികൾ. കുടിവെള്ള സംഭരണിക്ക് സമീപത്തേക്കാണ് മാലിന്യം ഒഴുകി എത്തുന്നത്. മലിനജലം വ്യാപിക്കുന്ന ഭാഗങ്ങളിൽ മത്സ്യങ്ങൾ ഉൾപ്പടെയുള്ള ജലജീവികൾ അന്യംനിന്നു വരുന്നതായും നാട്ടുകാർ പറഞ്ഞു.
മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കാനായി കെട്ടിടത്തിന്റെ പണി പൂർത്തിയായിട്ട് നാളുകളേറെയായെങ്കിലും ഒരു സംവിധാനങ്ങളും ഒരുക്കിയിട്ടില്ല. ഇതോടെ കെട്ടിടം ഉപയോഗശൂന്യമായി മാറുന്ന സാഹചര്യമാണ് നിലവിലുള്ളത് എന്നും നാട്ടുകാർ പറഞ്ഞു. മഴക്കാലമായതോടെ ഈച്ച, കൊതുക്, പുഴുക്കൾ എന്നിവയുടെ ബാഹുല്യം പകർച്ച വ്യാധികൾ പടരുന്നതിന് കാരണമായിട്ടുണ്ട്. പ്രദേശത്ത് ഡെങ്കിപ്പനിയടക്കം പടർന്നുപിടിച്ചുകൊണ്ടിരിക്കുകയാണ്.
കൊതുകു നിവാരണത്തിനു മരുന്ന് അടിക്കുന്ന പതിവ് പലപ്പോഴും നടക്കാറില്ലെന്നും നാട്ടുകാർ പറയുന്നു. മഴക്കാലമായതോടെ മാലിന്യം ചീഞ്ഞഴുകി ദുർഗന്ധംവമിക്കുന്നതും സമീപവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഭക്ഷണം കഴിക്കാൻ പോലും കഴിയാത്ത സാഹചര്യമാണെന്ന് നാട്ടുകാർ പറയുന്നു. ബയോഗ്യാസ് പോലുള്ള സംവിധാനങ്ങളൊരുക്കി മാലിന്യ നിർമാർജനത്തിന് നൂതന നടപടികൾ ആവിഷ്ക്കരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഇന്നലെ മാലിന്യവുമായെത്തിയ വാഹനം നാട്ടുകാർ തടഞ്ഞു. മാലിന്യ നിർമാർജനത്തിന് ശാശ്വത പരിഹാരം കാണാതെ ഇനിയും മാലിന്യം തള്ളാൻ അനുവദിക്കില്ലെന്ന് പറഞ്ഞാണ് നാട്ടുകാർ വാഹനം തടഞ്ഞത്. നാട്ടുകാരുടെ എതിർപ്പിനെതുടർന്ന് മാലിന്യം കയറ്റിവന്ന വാഹനം തിരികെപോകേണ്ടിവന്നു. നഗരസഭ ഓഫീസിനു സമീപം മാലിന്യം കയറ്റിയ വാഹനം കിടക്കുന്നതിനാൽ പ്രദേശം ദുർഗന്ധപൂരിതമാണ്. അധികൃതർ സ്ഥലത്തെത്തി ചർച്ച നടത്തിയെങ്കിലും പ്ലാന്റിന്റെ പ്രവർത്തനം കാര്യക്ഷമമാക്കാതെ മാലിന്യം തള്ളാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാർ.