മണ്ണുത്തി: നടത്തറ ഗ്രാമ പഞ്ചായത്തിൽ തോക്കാട്ടുക്കര കോളനിയ്ക്കടുത്തു സ്ഥാപിക്കാനിരിക്കുന്ന മാലിന്യ പ്ലാന്റ് ജനവാസ കേന്ദ്രത്തിലാണെന്നും ജനങ്ങൾക്ക് ആശങ്കയുണ്ടെന്നു മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തുമെന്നും ചീഫ് വിപ്പ് കെ രാജൻ.
മാലിന്യ പ്ലാന്റ് സ്ഥാപിക്കുന്നതു സംബന്ധിച്ച് സ്ഥലം എംഎൽഎ എന്ന നിലയിൽ തനിക്കോ പഞ്ചായത്ത് ജനപ്രതിനിധികൾക്കോ ഒരു അറിയിപ്പും ലഭിച്ചിട്ടില്ല. സ്ഥലം സന്ദർശിച്ച രാജൻ പറഞ്ഞു. ജനങ്ങൾ വളരെ അധികം തിങ്ങി പാർക്കുന്ന പ്രദേശമാണ് ഇവിടം.
തോക്കാട്ടുക്കര കോളനിയും, ആശ നഗർ കോളനിയും ഉൾപ്പെടെയുള്ള ജനവാസ കേന്ദ്രം തൊട്ടടുത്തുണ്ട്. കുത്തനെയുള്ള മലഞ്ചെരിവാണ് ഈ പ്രദേശം. കുടിവെള്ള പദ്ധതിയായ ജലനിധിയും മണലിപുഴയുടെ ഒരു കൈവഴിയും ഇവിടെയാണുള്ളത്.
ജനവാസസ്ഥലത്തേക്കു മാലിന്യവുമായുള്ള വാഹനങ്ങൾ കടന്നു വരുന്നത് ആശങ്കയുണ്ട്. മാലിന്യ പ്ലാന്റ് വേറെ സ്ഥലത്തേക്കു മാറ്റണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്നും രാജൻ പറഞ്ഞു.
ചീഫ് വിപ്പ് കെ രാജനൊപ്പം നടത്തറ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ പി.ആർ. രജിത് പഞ്ചായത്ത് മെന്പർമാർ സമീപവാസികൾ തുടങ്ങിയവരും ഉണ്ടായിരുന്നു.