ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് റോഡിൽ പാന്പേഴ്സ്, ഭക്ഷണ മാലിന്യങ്ങൾ, മുന്തിയ ഇനം മദ്യകുപ്പികൾ എന്നിവ രാത്രികാലങ്ങലിൽ കൊണ്ടുവന്ന് തള്ളുന്നതായി നാട്ടുകാർ.
ചുങ്കം മെഡിക്കൽ കോളജ് റോഡിൽ മെഡിക്കൽ കോളജ് ബിഎസ്എൻഎൽ ഓഫീസിന് മുൻവശത്തായാണ് മാലിന്യങ്ങൾ തള്ളുന്നതു പതിവായിരിക്കുന്നത്.
നിരവധി വാഹനങ്ങൾ സഞ്ചരിക്കുന്ന റോഡിൽ പാന്പേഴ്സ് ഉപേക്ഷിച്ചിരിക്കുന്നതിനാൽ വാഹനങ്ങൾ കടന്നു പോകുന്പോൾ ടയറിൽ നിന്ന് മാലിന്യങ്ങൾ തെറിച്ച് കാൽനടയാത്രക്കാരുടെ വസ്ത്രങ്ങളിൽ വീണതായും പരാതിയുണ്ട്.
റോഡിന്റെ ചില ഭാഗത്ത് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ ഭക്ഷണ അവശിഷ്്ടങ്ങളും, മതിലിനോട് ചേർന്ന് പ്ലാസ്റ്റിക് കവറിൽ മുന്തിയ ഇനം ഒഴിഞ്ഞ മദ്യക്കുപ്പിക്കളും ഉപേക്ഷിച്ചിട്ടുണ്ട്.
മെഡിക്കൽ കോളജ് അത്യാഹിത വിഭാഗം റോഡ് മുതൽ, പോസ്റ്റ് ഓഫീസ് റോഡ് വരെ വഴിവിളക്കുകൾ കത്താത്തതാണ് മാലിന്യങ്ങൾ തള്ളുന്നതിനു കാരണമെന്ന് നാട്ടുകാർ പറയുന്നു.
വഴിവിളക്കുകൾ പ്രകാശ രഹിതമായിട്ട് മാസങ്ങൾ പിന്നിടുന്നു. റോഡ് സൈഡിൽ വിവിധ തരത്തിലുള്ള മാലിന്യങ്ങൾ വാഹനങ്ങളിൽകൊണ്ടുവന്ന് തള്ളുന്നത് ശ്രദ്ധയിൽപ്പെട്ടെന്നും, പഞ്ചായത്ത് അധികൃതരുമായി കൂടിയാലോചിച്ച് ഈ ഭാഗത്ത് വഴിവിളക്ക് പ്രകാശിപ്പിക്കുന്നതിനും, സിസിടിവി സ്ഥാപിക്കുന്നതിനും നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് മെന്പർ അരുണ്‍ ഫിലിപ്പ് പറഞ്ഞു.