മുളങ്കുന്നത്തുകാവ്: മഴ കനത്ത് പനി പടരുന്പോൾ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രി രോഗങ്ങളുടെ ഉത്പാദനകേന്ദ്രമാകുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിലെ മാലിന്യങ്ങൾ മാറ്റാൻ ഇടമില്ലാത്തതുകൊണ്ട് അസുഖം മാറാനായി വരുന്നവർ കൂടുതൽ അസുഖബാധിതരായി തിരിച്ചുപോകുന്ന സ്ഥിതിയാണ്. ആശുപത്രി കോണിപ്പടിക്കു സമിപം കുന്നുകൂടി കിടക്കുന്ന വൻ മാലിന്യ കൂന്പാരം അധികൃതരുടെ കണ്ണിൽ മാത്രം പെടുന്നില്ലെന്നതാണ് ആശ്ചര്യമുണർത്തുന്ന കാര്യം. പ്രസവ വാർഡ്, വിവിധ ഐസിയു എന്നിവയക്ക് അടുത്താണ് കിലോ കണക്കിനു വരുന്ന മാലിന്യ കൂന്പാരം രോഗഭീതി പരത്തി നിലകൊള്ളുന്നത്.
മാലിന്യം കുന്നുകൂടിക്കിടക്കുന്ന ഇതുവഴിയാണ് സാധാരണ മാലിന്യം കളയുവാൻ കൊണ്ടുപോകുന്നത്. എന്നാൽ വാഹനം എത്തുന്ന സഥലത്ത് മാലിന്യം നിറഞ്ഞത് മൂലം അണ്ടർഗ്രൗണ്ട് മുതൽ ഒന്നാം നിലവരെ മാലിന്യം നിറഞ്ഞ് എത്തിയിരിക്കുകയാണിപ്പോൾ. ഇതു മൂലം ആശുപത്രിയിൽ ദുർഗന്ധവും നിറഞ്ഞിരിക്കുകയാണ്.
എല്ലാ വാർഡുകളിലും കൂടി ഒരു ദിവസം 100 ഓളം വേയ്സ്റ്റ് ബക്കറ്റുകളിൽ കൂടി 1500 ഓളം കിലോ ഖരമാലിന്യമാണ് നീക്കം ചെയ്യാറുള്ളത്. അടുത്തകാലത്ത് ഇതിന്റെ അളവ് മൂന്ന് ഇരട്ടിയായി വർധിച്ചു. പാവപ്പെട്ട രോഗികൾക്ക് എല്ലാ ദിവസവും ഡിവൈഎഫ്ഐയുടെ നേത്യത്വത്തിൽ നൂറു കണക്കിന് രോഗികൾക്ക് സൗജന്യമായി പൊതി ചോറു നൽകുന്നുണ്ട്.
മാത്രമല്ല ഒരു പൊതിയിൽ ഒന്നിൽ കൂടുതൽ പേർക്കുള്ള ഭക്ഷണം ഉണ്ടാകാറുണ്ട്. ഇത് പലപ്പോഴും ബാക്കി വരികയാണ് പതിവ്. ഇതും രോഗികൾ ഉപേക്ഷിക്കുകയാണ് ചെയ്യുന്നത്. ഇവയെല്ലാം ഇവിടെ കെട്ടി കിടക്കുകയാണ്. സാധാരണ ഇവ കോളജ് കാന്പസിൽ തന്നെ കുഴി കുത്തി മൂടുകയാണ് പതിവ്. എന്നാൽ ജിവനക്കാരുടെ കുറവ് മൂലം മാലിന്യം നീക്കം ചെയ്യാൻ സാധിക്കാത്ത അവസ്ഥയാണുള്ളത്. മഴ കനക്കുന്നതോടെ മാലിന്യപ്രശ്നം രൂക്ഷമായ അവസ്ഥയിലേക്ക് മാറും.