മൂവാറ്റുപുഴ: പട്ടാപ്പകൽ ഓമ്നി വാനിൽ മാലിന്യം തള്ളാനെത്തിയ വാഹനവും ഉടമയെയും നാട്ടുകാർ പിടികൂടി. പിന്നീട് വാഹന ഉടമയെക്കൊണ്ട് റോഡിലെ മുഴുവൻ മാലിന്യവും നീക്കം ചെയ്യിപ്പിച്ചു.
കീച്ചേരിപ്പടി ഇരമല്ലൂർ റോഡിലെ നിരപ്പ് എഫ്സി കോണ്‍വന്റിന് സമീപം ഇന്നലെ രാവിലെ 10 നാണ് സംഭവം. ഈസ്റ്റ് പായിപ്ര സ്വദേശി ഒമ്നി വാനിൽ നിറച്ചുകൊണ്ടുവന്ന മാലിന്യം റോഡിൽ നിക്ഷേപിക്കുന്നതിനിടെ നാട്ടുകാർ പിടികൂടുകയായിരുന്നു.
കീച്ചേരിപ്പടി-നിരപ്പ് റോഡിലെ എഫ്സി കോണ്‍വന്റിന് സമീപം റോഡിൽ അരക്കിലോമീറ്ററോളം ഭാഗത്ത് മാലിന്യം നിക്ഷേപം വ്യാപകമായിരിക്കുകയാണ്. ഇവിടെ വിജനമായ പ്രദേശമായതിനാൽ രാത്രികാലങ്ങളിൽ ദൂരെസ്ഥലങ്ങളിൽനിന്നുപോലും മാലിന്യം വാഹനങ്ങളിൽ എത്തിച്ച് നിക്ഷേപിക്കൽ പതിവാണ്.
അറവ് മാലിന്യങ്ങളും മത്സ്യക്കടകൾ, ബേക്കറികൾ, ഹോട്ടലുകൾ, കാറ്ററിംഗ് സർവീസുകൾ എന്നിവിടങ്ങളിൽനിന്നുള്ള മാലിന്യങ്ങളാണ് ഇവിടെ കൂടുതലായി നിക്ഷേപിക്കുന്നത്.
ചിക്കൻ ഗുനിയ, ഡെങ്കിപ്പനി എന്നിവ പ്രദേശത്ത് പടർന്നുപിടിച്ചതിനെത്തുടർന്ന് പ്രദേശവാസികൾ മാലിന്യം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതരെ സമീപിച്ചങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. പൊറുമുട്ടിയ നാട്ടുകാർ മാലിന്യം നിക്ഷേപിക്കുന്നവരെ കൈയോടെ പിടികൂടാനായി നിരീക്ഷണത്തിലായിരുന്നു.
ഇതിനിടെയാണ് ഇന്നലെ പായിപ്രയിൽനിന്നു ഒമ്നി വാനിൽ മാലിന്യം റോഡിൽ തള്ളുന്നത് നാട്ടുകാർ കൈയോടെ പിടികൂടിയത്. തുടർന്ന് നാട്ടുകാർ വാഹന ഉടമയെക്കൊണ്ടുതന്നെ അരകിലോമീറ്ററോളം റോഡിലെ ഇരുവശത്തുമുള്ള മുഴുവൻ മാലിന്യവും ജെസിബിയും ടിപ്പറുമുപയോഗിച്ച് നീക്കം ചെയ്യിപ്പിക്കുകയായിരുന്നു.