
കോട്ടയം: വിവിധ പ്രദേശങ്ങളിൽ നിന്നും കക്കൂസ് മാലിന്യമടക്കമുള്ളവ ലോറികളിൽ എത്തിച്ചു കോട്ടയം നഗരത്തിലും പരിസര പ്രദേശങ്ങളിലും ഓടകളിലും തള്ളുന്ന സംഘം സജീവമെന്ന് പരാതി.
രാത്രി കാലങ്ങളിലാണ് ഇവർ മാലിന്യം തള്ളാനെത്തുന്നത്. ഈ സംഘത്തിൽപ്പെട്ട ഒരു ലോറി ഡ്രൈവറേയും ക്ലീനറേയും കഴിഞ്ഞ ദിവസം രാത്രിയിൽ പോലീസ് പിടികൂടിയിരുന്നു. ചൊവാഴ്ച അർധരാത്രി നാഗന്പടം ഇൻഡോർ സ്റ്റേഡിയത്തിനു സമീപമായിരുന്നു സംഭവം.
കുട്ടികളുടെ പാർക്കിനോടു ചേർന്നു ടാങ്കർ ലോറി നിർത്തിയിട്ടശേഷം മാലിന്യം തള്ളുന്നതിനായി ഹോസ് ഓടയിലേക്കു ഘടിപ്പിക്കുന്നതിനിടെ ഇതുവഴി കടന്നു പോയ ടാക്സി ഡ്രൈവർമാർ സംശയം തോന്നി ചോദ്യം ചെയ്യുകയും പിടികൂടി വെസ്റ്റ് പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു.
ചേർത്തലയിൽ നിന്നും കക്കൂസ് മാലിന്യവുമായി എത്തിയതായിരുന്നു ലോറി. റോഡരികിൽ മറ്റു മാലിന്യങ്ങൾ തള്ളുന്നതിനു പുറമേയാണ് ഇപ്പോൾ കക്കൂസ് മാലിന്യവും നിക്ഷേപിക്കുന്നത്.
മഴ പെയ്യുന്നതോടെ മാലിന്യങ്ങൾ റോഡിലേക്ക് ഒഴുകിയിറങ്ങി ദുർഗന്ധവും ആരോഗ്യ പ്രശ്നങ്ങളുമാണ് സൃഷ്ടിക്കുന്നത്. രാത്രികാലങ്ങളിൽ കക്കൂസ് മാലിന്യം നഗരത്തിന്റെ വിവിധ പ്രദേശങ്ങളിൽ തള്ളുന്നതായി നേരത്തെ പരാതിയുയർന്നിരുന്നു.
ഫ്ളാറ്റുകൾ, ഹൗസിംഗ് കോളനികൾ, വീടുകൾ എന്നിവിടങ്ങളിലെ കക്കൂസ് മാലിന്യമാണ് ഇത്തരത്തിൽ തള്ളുന്നത്. ഈരയിൽകടവ് ബൈപാസിനിരുവശത്തും കാടുപിടിച്ചു കിടക്കുന്ന സ്ഥലങ്ങളിലാണ് ഈ സംഘം മുന്പ് സജീവമായി മാലിന്യം നിക്ഷേപിച്ചിരുന്നത്.
നാട്ടുകാർ സംഘടിച്ചു കാവൽ ഏർപ്പെടുത്തിയതോടെ നഗരത്തിലെ ഓടകൾ കക്കൂസ് മാലിന്യങ്ങൾ തള്ളുന്നതിനായി തെരഞ്ഞെടുത്തത്.രാത്രി കാലങ്ങളിൽ ഓടയോടു ചേർന്നുള്ള ഭാഗത്ത് മാലിന്യവുമായി എത്തുന്ന ലോറി പാർക്ക് ചെയ്യും.
നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ചരക്കു ലോറി അടക്കം നിരവധി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതു പതിവായതിനാൽ മാലിന്യം തള്ളാനെത്തുന്ന വാഹനങ്ങൾ പോലീസിന്റെയും കണ്ണിൽപ്പെടാറില്ല. അധികൃതർ ഈ കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്നാണ് ജനങ്ങൾ ആവശ്യപ്പെട്ടു.