ചങ്ങനാശേരി: റെയില്‍വേ സ്റ്റേഷനടുത്തുള്ള ഗുഡ്സ് ഷെഡ് റോഡ് വീണ്ടും മാലിന്യം തള്ളുന്ന കേന്ദ്രമായി മാറി. ദുര്‍ഗന്ധപൂരിതമായ ഈ റോഡിലൂടെ മാസ്ക് ധരിച്ചുള്ള യാത്രപോലും ദുരിതം നിറഞ്ഞതാണ്.
മേരിമൗണ്ട് കുന്നേപ്പള്ളി, ക്ലൂണി പബ്ലിക് സ്കൂൾ, വാട്ടര്‍ അഥോറിറ്റി ഓഫീസ് എന്നിവിടങ്ങളിലേക്കുള്ള റോഡാണ് മാലിന്യ നിക്ഷേപ കേന്ദ്രമായിരിക്കുന്നത്.
ചാക്കിലും പ്ലാസ്റ്റിക്ക് കൂടുകളിലുമാക്കിയാണ് റോഡരുകില്‍ മാലിന്യം തള്ളുന്നത്. വാഹനങ്ങളുടെ ചക്രങ്ങള്‍ കയറി മാലിന്യം റോഡിലേക്കു വ്യാപിക്കുന്നത് സ്ഥിതി കൂടുതൽ മോശമാക്കുന്നു.
ആശുപത്രികള്‍, ഹോട്ടലുകള്‍, ബേക്കറികള്‍, അറവുശാലകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മാലിന്യമാണ് രാത്രികാലങ്ങളില്‍ ഈ ഭാഗത്തു തള്ളുന്നത്.
വഴിവിളക്കുകള്‍ പ്രകാശിക്കാത്തത് മാലിന്യം തള്ളുന്നവര്‍ക്ക് സഹായകമാകുന്നുണ്ട്. മാലിന്യം ഭക്ഷിക്കാനെത്തുന്ന തെരുവു നായ്ക്കളും വിഷപ്പാമ്പുകളും യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നതായും വ്യാപക പരാതിയുണ്ട്.
ഈ റോഡില്‍ മാലിന്യ ചാക്കുകള്‍ കത്തിക്കുന്നതും പതിവായിട്ടുണ്ട്. മാലിന്യം തള്ളുന്നവരെ പിടികൂടാന്‍ പോലീസിന്റെയും ആരോഗ്യ വകുപ്പിന്റെയും രാത്രികാല പട്രോളിംഗ് ശക്തമാക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.