ഒറ്റപ്പാലം: ഈസ്റ്റ് ഒറ്റപ്പാലം തോട്ടിൽ വൻതോതിൽ മാലിന്യം തള്ളുന്നതു വ്യാപകം. ചാക്കുകളിൽ കെട്ടിയാണ് മാലിന്യങ്ങൾ തോട്ടിൽ തള്ളുന്നത്.അറവ് മാലിന്യങ്ങളും മുടി മാലിന്യങ്ങളും ഇതിൽ ഉൾപ്പെടുന്നുണ്ട്.
വേനലിന്റെ കാഠിന്യത്തിനിടയിലും ജലസമൃദ്ധിയോടെ നിലനിൽക്കുന്ന തോട്ടിൽ മാലിന്യങ്ങൾ ചാക്കിൽ കെട്ടി കൊണ്ടുവന്നിട്ടന്നത് പരിസരപ്രദേശങ്ങളിൽ അസഹ്യമായ ദുർഗന്ധത്തിന് ഇടവരുത്തുന്നുണ്ട്.ഒറ്റപ്പാലം പരിസരപ്രദേശങ്ങളിലുള്ളവർ തന്നെയാണ് ഇത് ചെയ്യുന്നതെന്ന് പരാതി ഉയർന്നിട്ടുണ്ട്.
കോഴികടകളിലേയും മറ്റും മാലിന്യങ്ങളാണ് പ്രധാനമായും ഇത്തരത്തിൽ കൊണ്ടുവന്നിട്ടുന്നതെന്നാണ് സംശയിക്കുന്നത്.
മുടി മാലിന്യങ്ങളും ഇതിലുണ്ട്. ഇവ വെള്ളത്തിൽ കിടന്ന് അഴുകി ദുർഗന്ധം വമിക്കുന്ന സ്ഥിതിയുമുണ്ട്. ഒറ്റപ്പാലം മായന്നൂർ പാലത്തിന്റെ പരിസര ഭാഗത്ത് പാർക്ക് നിർമാണത്തിനു വേണ്ടി ഈ തോടിനെ ബന്ധിപ്പിച്ചിട്ടുണ്ട്.
ഇതുകൊണ്ടുതന്നെ വെള്ളം ഒഴുകി പോകാതെ സംരക്ഷിക്കാനും കഴിയുന്നുമുണ്ട്. ഈ ജലസമൃദ്ധിയാണ് തോടിന് വടക്ക് ഭാഗത്തേക്ക് ഉള്ളത്. ഈ ഭാഗത്താണ് രാത്രിയുടെ ഇരുളിൽ മാലിന്യങ്ങൾ കൊണ്ടുവന്ന് സാമൂഹ്യവിരുദ്ധർ നിക്ഷേപിക്കുന്നത്. ഒറ്റപ്പാലം നഗരത്തിന് പുറത്തുള്ള ചിലരാണ് ഇതിനു പിന്നിലെന്നും സൂചനയുണ്ട്.
ഒറ്റപ്പാലം നഗരസഭ പരിസരങ്ങളിലുമുള്ള കോഴി കടകളും അറവുശാലകളും ലൈസൻസില്ലാതെയാണ് പ്രവർത്തിക്കുന്നതന്ന് വിമർശനമുണ്ട്. ഇവർ അറവ് മാലിന്യങ്ങൾ എവിടെയാണ് സംസ്ക്കരിക്കുന്നതെന്ന് ആർക്കും ഒരു വിവരവുമില്ല.
ബാർബർ ഷോപ്പുകളിൽ ശേഖരിക്കുന്ന മുടി മാലിന്യങ്ങളും എവിടെയാണ് നിക്ഷേപിക്കുന്നതെന്ന് അറിയാത്ത അവസ്ഥയാണ്. നൂറുകണക്കിനാളുകൾ കുളിക്കുന്നതിനു വേണ്ടി ഉപയോഗിക്കുന്ന തോടാണ് ഇത്തരത്തിൽ മലീമസമായി ദുർഗന്ധം വമിച്ചു കിടക്കുന്നത്.