കുമരകം: തൊഴിലുറപ്പ് തൊഴിലാളി സ്ത്രീകൾക്ക് തോട്ടിലെ മലിനജലം മൂലം ദേഹാസ്വസ്ഥത അനുഭവപ്പെട്ടു. പഞ്ചായത്തിലെ 10-ാം വാർഡിൽ പുതിയകാവ് – ബസാർ തോട്ടിൽ പോളവാരാനിറങ്ങിയ സ്ത്രീകൾക്കാണ് ദേഹാസ്വസ്ഥത അനുഭവപ്പെട്ടത്.
ഉപയോഗിച്ച ശേഷം വലിച്ചെറിഞ്ഞ നൂറു കണക്കിനു നാപ്കിനുകളും പ്ലാസ്റ്റിക്കും ചീഞ്ഞളിഞ്ഞ പോളയുമാണ് തോട് മലിനമാകുവാൻ കാരണം. ദേഹാസ്വസ്ഥത അനുഭവപ്പെട്ടതോടെ കരയക്കു കയറിയ സ്ത്രീകൾക്കു തൊഴിൽ ദിനം നഷ്ടപ്പെടുമെന്ന സ്ഥിതിയിലായി.
പിന്നീട് തോടിന്റെ ഇരു കരകളിലുംനിന്ന് തോട്ടി ഉപയോഗിച്ച് പോള നീക്കാൻ തീരുമാനിക്കുകയുമായിരുന്നു. പ്രദേശത്ത് എലിപ്പനി ഉൾപ്പെടെയുള്ള ജലജന്യരോഗങ്ങൾ മുന്പ് റിപ്പോർട്ട് ചെയ്തിരിക്കുന്ന അവസ്ഥയിലാണ് തോട് ഇത്രയും മലിനപ്പെട്ടു കിടന്നത്.
എസ്എൽബി സ്കൂളിനു മുൻവശത്ത് ഈ രീതിയിൽ മാലിന്യം തള്ളുന്നതിൽ പ്രതിഷേധം ഉയരുന്നുണ്ട്.