അടൂർ: അറവ് മാടുകളുടെ അവശിഷ്ടങ്ങൾ കനാൽ വെള്ളത്തിൽ കെട്ടിക്കിടന്ന് ദുർഗന്ധം വമിക്കുന്നു. കെഐപി 14-ാം മൈൽ വഴി കടന്നു പോകുന്ന പ്രധാന കനാലിന്റെ ഷട്ടറിൽ മാലിന്യങ്ങൾ അടിഞ്ഞു കിടന്നാണ് ദുർഗന്ധം വമിക്കുന്നത്. അടൂർ നഗരസഭയിൽ വിവിധ ഭാഗങ്ങളിൽ കശാപ്പ് ചെയ്യുന്ന അറവുമാടുകളുടെ അവശിഷ്ടങ്ങളാണ് കനാലിൽ തള്ളുന്നത്.
നഗരസഭ ഭാഗത്താണ് കനാൽ മലിനപ്പെടുത്തുന്നതിനുള്ള ശ്രമം നടക്കുന്നത്. കോഴിക്കടകളിൽ നിന്നുള്ള മാലിന്യങ്ങൾ പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞ് കനാലിൽ തള്ളുന്നുണ്ട്. ഇങ്ങനെ കൊണ്ടിടുന്ന കവറുകളിൽ വെള്ളം കയറി വീർത്ത് കടുത്ത ദുർഗന്ധമാണ് വമിക്കുന്നത്. അടൂർ നഗരസഭയിൽ സ്ലോട്ടർ ഹൗസ് ഇല്ലാത്തതിനാലാണ് അറവ് മാടുകളുടെ അവശിഷ്ടങ്ങൾ ഏറെയും കനാലിൽ തള്ളുന്നത്.
കൂടാതെ രാത്രികാലങ്ങളിൽ ശൗചാലയ മാലിന്യങ്ങൾ ടാങ്കർ ലോറികളിൻ കൊണ്ടുവന്ന് കനാലിൽ ഒഴുക്കുന്നുണ്ട്. വേനൽ കടുത്തതോടെ സമീപവാസികൾ കുളിക്കുന്നതിനും തുണികൾ അലക്കുന്നതിനും കനാൽ വെള്ളത്തെയാണ് ആശ്രയിക്കുന്നത്. കനാൽ വെള്ളം സമീപ പാടശേഖരങ്ങളിലും കൈത്തോടുകളിലും ഒഴുകിയെത്തുന്നതിലൂടെയാണ് സമീപത്തെ കിണറുകളിലെ ജല ലഭ്യത ഉറപ്പ് വരുത്തുന്നത്.
എന്നാൽ മാലിന്യം കലരുന്ന വെള്ളം ഉപയോഗിക്കുന്നതു മൂലം ജലരോഗങ്ങൾ പകരുമോയെന്ന ആശങ്കയിലാണ് നാട്ടുകാർ. ദുർഗന്ധം മൂലം കനാലിന്റെ ഇരുകരകളിലുമുള്ള വീട്ടുകാർക്ക് കഴിഞ്ഞ് കൂടാൻ പറ്റാത്ത് സ്ഥിതിയാണുള്ളത്. വഴിയാത്രക്കാർ മൂക്ക് അടച്ചുപിടിച്ചു വേണം ഇത് വഴി നടക്കാൻ.