മാവേലിക്കര: ഡങ്കിപ്പനി ഉൾപ്പടെ മാരകമായ പകർച്ച വ്യാധികൾ പടർന്നു പിടിക്കുന്നെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്പോഴും രോഗ വാഹികളായ കൊതുകൾക്കൾ തഴച്ചു വളരാൻ ഇടമൊരുക്കി നഗരസഭ. നഗരസഭയിലെ വീടുകളിൽ മലിനജലം കെട്ടിക്കിടക്കുന്നുണ്ടെങ്കിൽ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ച അധികൃതരാണ് തങ്ങളുടെ അധികാരപരിധിക്കുള്ളിൽ മനുഷ്യ ജീവന് തന്നെ ഭീഷണിയായ മാലിന്യം കുന്നുകൂടാൻ അവസരമൊരുക്കുന്നത്.
മാവേലിക്കര നഗരസഭയിലെ പുതിയകാവ് ചന്ത, കോട്ടതോട്, വലിയകുളം ഉൾപ്പടെയുള്ള ഇടങ്ങളിലാണ് മാലിന്യം കുന്നുകൂടിയിരിക്കുന്നത്. പ്രവർത്തിക്കുന്ന പുതിയകാവ് ചന്തയെ നഗരസഭ പ്രദേശത്തെ മാലിന്യം തള്ളുവാനുള്ള ഇടമായി മാറ്റിയിരിക്കുകയാണ്. നഗരസഭയുടെ വാഹനങ്ങളിൽ എത്തിക്കുന്ന മാലിന്യങ്ങൾക്ക് പുറമെ കച്ചവട സ്ഥാപനങ്ങളിൽ നിന്നും മറ്റ് ഇടങ്ങളിൽ നിന്നുമൊക്കെയായി നിരവധി ടണ് മാലിന്യമാണ് ഒരോ ദിവസവും ഇവിടേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.
നേരത്തെ ഇവിടെ മാലിന്യം നിക്ഷേപിച്ച ശേഷം അതിനുമുകളിലായി ഗ്രാവൽ ഇറക്കുകയും ബ്ലീച്ചിംഗ് പൗഡർ വിതറുകയും ചെയ്തിരുന്നു. എന്നാൽ അതുകൂടി ഇല്ലാതായതോടെ ദുർഗന്ധംകൊണ്ട് പുതിയകാവ് ചന്തയുടെ പരിസരത്തുകൂടിപോലും സഞ്ചരിക്കാൻ സാധിക്കാത്ത അവസ്ഥയിലാണ്. മഴശക്തമായതോടെ കെട്ടികിടക്കുന്ന വെള്ളത്തിൽ കൊതുകിന്റെ കൂത്താടികൾ വളരുന്ന കാഴ്ചയാണ് ഇവിടെ കാണാൻ സാധിക്കുന്നത്.
ഇവയെ നശിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ നഗരസഭ തയാറാവുന്നില്ലായെന്നും പ്രദേശവാസികൾ പറയുന്നു. മാലിന്യ സംസ്കരണത്തിനായി ഇവിടെ എയറോബിക് കന്പോസ്റ്റ് യൂണിറ്റ് സ്ഥാപിക്കുമെന്ന് അധികൃതർ പറഞ്ഞിരുന്നു. പുതിയകാവ് ചന്തയുടെ മുൻഭാഗത്ത് ആരംഭിച്ച കന്പോസ്റ്റ് യൂണിറ്റിന്റെ ആദ്യഘട്ട നിർമാണ പ്രവർത്തനം പ്രദേശവാസികൾ തടഞ്ഞതോടെ പദ്ധതി ഉപേക്ഷിക്കപ്പെട്ട നിലയിലാണ്.
കോട്ടത്തോടിന്റെ മുകളിലൂടെ സ്ലാബ് ഇടുന്ന പദ്ധതി ആരംഭിച്ചതോടെ പല സ്ഥലങ്ങളിലും തോടിന്റെ വ്യാസം കുറഞ്ഞത് ഒഴുക്കിനെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. കൊതുകുകളുടെ വളർച്ചയ്ക്ക് സഹായിക്കുന്ന തരത്തിൽ വെള്ളം കെട്ടിനിൽക്കുന്നത് കാരണം കോട്ടാത്തോടിനെ മാലിന്യമുക്തമാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പ്രക്ഷോപങ്ങൾ മാവേലിക്കരയിൽ അരങ്ങേറിയതിന് ശേഷമാണ് തോട് നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.
എന്നാൽ വലിയ വീതിയുണ്ടായിരുന്ന തോടിന്റെ വീതി നവീകരണ പ്രവർത്തനത്തിന്റെ പേരിൽ കുറച്ചത് കൈയ്യേറ്റക്കാരെ സഹായിക്കാനാണെന്ന ആക്ഷേപവും ഉയർന്നിരുന്നു. നഗരമദ്ധ്യത്തിൽ സ്ഥിതിചെയ്യുന്ന വലിയകുളം, റയിൽവേ സ്റ്റേഷൻഭാഗത്തെ വെള്ളൂർകുളം, കോട്ടാകുളം, കുളിരുകുളം, പൊന്നാരംതോട്ടം കുളം എന്നീ കുളങ്ങൾ മലിനമാണ്.
കുളങ്ങളിൽ ഹോട്ടലിലെ മാലിന്യങ്ങൾ ഇറച്ചിക്കോഴിമാലിന്യങ്ങൾ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ എന്നിവ തള്ളുന്നതും പതിവാണ്. ഇത്തരത്തിൽ മലിനമായി കിടക്കുന്ന കുളങ്ങളിലും രോഗവാഹികളായ കൊതുകുകളുടേയും മറ്റും പ്രജനനം നടക്കുന്നുണ്ട്. ഈ കുളങ്ങളിലെല്ലാം കൂത്താടികൾ നിറഞ്ഞ നിലയിലുമാണ്്. നഗരസഭ പ്രദേശത്തെ നിരവധി പേരിൽ ഡങ്കിപ്പനി സ്ഥിരികരിച്ചിരിക്കുകയാണ്.
എട്ടോളം പേർ ഇപ്പോൾ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ വീടുകളിലെ മലിനജല സാധ്യത പരിശോധിക്കാനായി നഗരസഭ ടൈഗർഹണ്ടെന്ന് പേരിട്ട പരിശോധന സംവിധാനത്തിന് രൂപം കൊടുത്തു. എന്നാൽ പൊതുസ്ഥലങ്ങൾ വരുത്തിവെയ്ക്കുന്ന രോഗഭീഷണി മറച്ചുപിടിച്ച് വീടുകളിൽ പരിശോധന നടത്തുന്നത് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞ് നിൽക്കാനുള്ള ഭരണാധികാരികളുടെ തന്ത്രമാണെന്നാണ് നഗരവാസികളുടെ ആരോപണം.