ആലപ്പുഴ: ബീച്ചിന് വടക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഓപ്പണ്‍ സ്റ്റേജിന് സമീപം നിക്ഷേപിച്ചിരിക്കുന്ന മാലിന്യക്കൂന്പാരം വിനോദ സഞ്ചാരികൾക്കു ബുദ്ധിമുട്ടു സൃഷ്ടിക്കുന്നതായി പരാതി. മഴ പെയ്തതോടെ ദുർഗന്ധം വമിക്കുന്നതു മൂലം സഞ്ചാരികൾക്ക് മൂക്ക് പൊത്താതെ ഇതു വഴി നടക്കാൻ പറ്റാത്ത സ്ഥിതിയാണ്.
കോഫി കപ്പ് മുതൽ ഡിസ്പ്പോസിബിൾ പ്ലേറ്റ് വരെയും വെള്ളം കുടിച്ചതിന് ശേഷം വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക് കുപ്പികളും ധാരാളമായി ഇവിടെ കൂട്ടിയിട്ടിരിക്കുകയാണ്. ആഹാരപദാർത്ഥങ്ങൾ കഴിച്ചതിന് ശേഷം വേസ്റ്റോടുകൂടി പ്ലേറ്റുകൾ ഇടുന്നതിനാൽ ദുർഗന്ധം അസഹ്യമാണ്.
മഴക്കാലം തുടങ്ങിയതോടെ സാംക്രമിക രോഗങ്ങൾ പൊട്ടി പുറപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ് .അവധിക്കാലമായതിനാൽ ധാരാളം സഞ്ചാരികളാണ് ഇപ്പോൾ ആലപ്പുഴ ബീച്ചിലെത്തുന്നത്. മഴക്കാല ശുചീകരണ യോഗങ്ങൾ തകൃതിയായി നടക്കുന്പോഴും ഇത്തരം കാഴ്ചകൾ അധികൃതർ കാണുന്നില്ല. സഞ്ചാരികൾ ധാരാളമായി എത്തുന്ന ഇത്തരം പൊതുസ്ഥലങ്ങളിലെ മാലിന്യം യഥാസമയം നീക്കം ചെയ്യുവാൻ ബന്ധപ്പെട്ട അധികൃതർ ശ്രദ്ധിക്കണമെന്നാണ് ആവശ്യം.