ആലുവ: ജില്ലാ കളക്ടറുടെ നേതൃ ത്വത്തിൽ വൃത്തിയാക്കിയ കൊച്ചി മെട്രോ അമ്പാട്ടുകാവ് സ്റ്റേഷന് സമീപം റോഡരികിൽ വീണ്ടും വൻതോതിൽ മാലിന്യ നിക്ഷേപം. പ്ലാസ്റ്റിക്-ജൈവ മാലിന്യങ്ങൾ വൻതോതിലാണ് ഇവിടെ കൊണ്ടു വന്നു തള്ളിയിരിക്കുന്നത്.അവധി ആരംഭിച്ചതോടെയാണ് ഇവിടെ ചിലർ വാഹനങ്ങളിൽ കൊണ്ടുവന്ന് മാലിന്യം ഉപേക്ഷിക്കുന്നത്.
മെട്രോ പില്ലർ 123 ന് സമീപമാണ് ദുർഗന്ധം വമിപ്പിച്ച് മാലിന്യം കുന്നുകൂടി കിടക്കുന്നത്. ജില്ലയെ മാലിന്യമുക്തമാക്കാന്‍ കളക്ടര്‍ എസ്. സുഹാസ് മുന്‍കൈയെടുത്ത് ആവിഷ്കരിച്ച ക്ലീൻ എറണാകുളത്തിന്റെ ആദ്യ ഘട്ടത്തിൽ മുട്ടം മെട്രോ സ്റ്റേഷൻ മുതൽ അമ്പാട്ട്കാവ് വരെ വൃത്തിയാക്കിയിരുന്നു.
റോഡിന്റെ ഇരുവശവും 100 മീറ്റർ പാതയോരമാണ് സന്നദ്ധപ്രവര്‍ത്തനത്തിലൂടെ ശുചീകരിച്ചത്. എന്നാൽ രണ്ട് മാസം പിന്നിട്ടതോടെ എല്ലാം പഴയപടിയായെന്ന് നാട്ടുകാരും യാത്രക്കാരും ചൂണ്ടിക്കാണിക്കുന്നു. ശുചീകരിച്ച സ്ഥലങ്ങളില്‍ മാലിന്യം ഇടുന്നത് ഒഴിവാക്കാന്‍ നിരീക്ഷണം ഏര്‍പ്പെടുത്തുമെന്ന് സംഘാടകർ പ്രഖ്യാപിച്ചിരുന്നെങ്കിലും അതു വെറുതെയായി.
ചൂർണിക്കര പഞ്ചായത്തും ഇക്കാര്യത്തിൽ താത്പര്യമെടുക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. പഞ്ചായത്തിന് പുറത്ത് നിന്നാണ് മാലിന്യം അമ്പാട്ട് കാവിനടുത്ത് തള്ളുന്നതെന്നാണ് ആരോപണം.