കോട്ടയം: ആംഗനവാടിക്കു മുന്നിൽ മാലിന്യമല. പിഞ്ചുകുട്ടികളും ആംഗനവാടി ജീവനക്കാരും മൂക്കുപൊത്തി കഴിയുന്നു. അയ്മനം പഞ്ചായത്തിലെ മര്യാതുരുത്ത് ആംഗനവാടിക്കു മുന്നിലാണ് മാലിന്യം കൂട്ടിയിട്ടിരിക്കുന്നത്. വാരിശേരി-കുമ്മനം റോഡരികിലാണ് ആംഗനവാടിക്കു മുന്നിലെ മാലിന്യമല.
മാലിന്യം ഇവിടെനിന്ന് നീക്കം ചെയ്തിട്ട് നാലു മാസമായി. മാലിന്യം ചീഞ്ഞഴിഞ്ഞ് ദുർഗന്ധം പുറത്തേക്ക് വ്യാപിച്ചു. മാലിന്യം കൂട്ടിയിട്ടിരിക്കുന്നതിനു തൊട്ടടുത്താണ് ആംഗനവാടിയിലെ കിണർ. ഇതേ കിണറ്റിലെ വെള്ളമാണ് കുട്ടികൾക്ക് നല്കുന്നത്. വലിയ ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കുന്നതാണ് ഇതെന്ന് ആംഗനവാടി ജീവനക്കാർ മുന്നറിയിപ്പു നല്കി.
ആംഗനവാടിക്കു മുന്നിൽ മാലിന്യം നിക്ഷേപിക്കാൻ പഞ്ചായത്ത് തീരുമാനിച്ചപ്പോൾ ആദ്യ യോഗത്തിൽ തന്നെ പ്രതിഷേധം അറിയിച്ചെന്ന് അധ്യാപിക പറഞ്ഞു. എന്നാൽ പെട്ടെന്നു തന്നെ മാലിന്യം നീക്കം ചെയ്യുമെന്നാണ് അറിയിച്ചത്. ഇപ്പോൾ നാലുമാസമായി മാലിന്യം നീക്കം ചെയ്തിട്ടേയില്ല.
ആംഗനവാടിക്കു മുന്നിൽ മാലിന്യം നിക്ഷേപിക്കാൻ തീരുമാനിച്ചതു തന്നെ തെറ്റായ നടപടിയാണെന്നു ചൂണ്ടിക്കാട്ടുന്നു. ഇതിനെതിരേ വ്യാപകമായ പ്രതിഷേധം ഉയരുന്നുണ്ട്.