പാലാ: റോഡരികില്‍ ശുചിമുറിമാലിന്യം തള്ളിയവരെ പിടികൂടാന്‍ കിലോമീറ്ററുകള്‍ നീണ്ട കാര്‍ ചേസിംഗ്. പാലാ കടപ്പാട്ടൂര്‍ ബൈപ്പാസിലാണ് രാത്രിയുടെ മറവില്‍ ടാങ്കറിലെത്തിച്ച് മാലിന്യം തള്ളിയത്. നാട്ടുകാര്‍ പിന്തുടര്‍ന്നതോടെ ഓടിച്ചുപോയ ടാങ്കറിനെ ഗാന്ധിനഗറില്‍ വച്ചാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
സംഭവത്തിൽ ആലപ്പുഴ പൂച്ചാക്കല്‍ സ്വദേശികളായ രണ്ടുപേരെ പാലാ പോലിസീനു കൈമാറി കോട്ടയം റോഡില്‍ നിന്നും പാലാ ടൗണില്‍ പ്രവേശിക്കാതെ പൊന്‍കുന്നം റോഡിലേയ്ക്കുള്ള കടപ്പാട്ടൂര്‍ ബൈപ്പാസിലാണ് സ്ഥിരമായി ശുചിമുറിമാലിന്യം തള്ളുന്നത്. പരാതികള്‍ നൽകിയിട്ടും ഇതു തുടര്‍ന്നതോടെയാണ് ജനങ്ങള്‍ നിരീക്ഷണം ശക്തമാക്കിയത്.
ഇതിനിടെയാണ് ബുധനാഴ്ച രാത്രി മാലിന്യം തള്ളുന്നത് പ്രദേശവാസികള്‍ ശ്രദ്ധിച്ചത്. ഇവര്‍ അടുത്തെത്തിയതോടെ ടാങ്കര്‍ ഓടിച്ചുപോവുകയായിരുന്നു.പഞ്ചായത്ത് പ്രസിഡന്റിനെ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് സംഭവം കണ്ടവര്‍ ടാങ്കറിനെ പിന്തുടര്ന്നു. കിടങ്ങൂര്‍, ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷനുകളില്‍ ഇവര്‍ വിവരം അറിയിച്ചു.
ലോറി മണര്‍കാട് എത്തിയ ശേഷം ചെറുവഴികളിലൂടെ എംസി റോഡിലും പിന്നീട് കോട്ടയം ടൗണിലുമെത്തി. കാര്‍ പിന്തുടരുന്നതു കണ്ട് സംഘം ശാസ്ത്രി റോഡ് വഴി നാഗമ്പടത്തെത്തി കുമാരനെല്ലൂരിലേക്കു പോയി. മെഡിക്കല്‍ കോളജ് റോഡിലൂടെ പായുന്നതിനിടയില്‍ ഗാന്ധിനഗര്‍ പോലീസ് പിടികൂടുകയായിരുന്നു.
കുടിവെള്ള വിതരണ പദ്ധതികളുള്ള കടപ്പാട്ടൂരില്‍ മാലിന്യം തള്ളുന്നതു നിത്യസംഭവമായിരിക്കുകയാണെന്ന് മുത്തോലി പഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത്ത് മീനഭവന്‍ പറഞ്ഞു.