മാങ്കാംകുഴി: മാലിന്യം നിക്ഷേപിക്കുന്നത് തടയാൻ പാതയോരത്ത് സ്ഥാപിച്ച ബോർഡ് രാത്രിയിൽ റോഡിന് മധ്യത്തിൽ ഗതാഗതതടസം സൃഷ്ടിക്കുന്ന തരത്തിൽ കണ്ടെത്തി. തുടർന്ന് പോലീസെത്തി ബോർഡ് നീക്കി.
തഴക്കര പഞ്ചായത്തിലെ വെട്ടിയാർ തെക്ക് കശുവണ്ടി ഫാക്ടറിക്കു സമീപം മാലിന്യം നിക്ഷേപിച്ചാൽ പിഴ ചുമത്തും എന്ന മുന്നറിയിപ്പോടെ പഞ്ചായത്ത് സ്ഥാപിച്ച ബോർഡാണ് ഇരുളിന്റെ മറവിൽ റോഡിന് മധ്യത്തിൽ മാറ്റി സ്ഥാപിച്ചത്.
പോലീസിനെ നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് കുറത്തികാട് പോലീസ് സ്ഥലത്തെത്തി ബോർഡ് റോഡിന് മധ്യത്തിൽനിന്നും നീക്കുകയായിരുന്നു. പ്രദേശത്ത് സാമൂഹ്യവിരുദ്ധരുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു.
മാലിന്യങ്ങൾ രാത്രികാലങ്ങളിൽ ഇവിടെ തള്ളുന്നത് വ്യാപകമായതിനെത്തുടർന്നാണ് പഞ്ചായത്തിന്റെ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചത്. കഴിഞ്ഞദിവസം രാത്രി ബോർഡ് ഒടിച്ചെടുത്ത് നടുറോഡിൽ സ്ഥാപിച്ചു.
വെട്ടിയാർ – പള്ളിമുക്ക് റോഡിനു കുറുകെ കൂറ്റൻ വെട്ടുകല്ല് വച്ച് റോഡു ഗതാഗതം തടസപ്പെടുത്തുകയായിരുന്നു. തഴക്കര പഞ്ചായത്ത് അധികൃതർ നൽകിയ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു.