ചാലക്കുടി: മാർക്കറ്റിൽ ബയോഗ്യാസ് പ്ലാന്റ് പൊട്ടിയൊഴുകി മാർക്കറ്റിലും പരിസര പ്രദേശങ്ങളിലും ദുർഗന്ധം വമിക്കുന്നതിൽ പ്രതിഷേധിച്ച് പരിസരവാസികളും വ്യാപാരികളും കോണ്‍ഗ്രസ് പ്രവർത്തകരും മാർക്കറ്റിൽ പ്രതിഷേധമുയർത്തി. പൊട്ടിയൊഴുകുന്ന ബയോഗ്യാസ് പ്ലാന്റിന്റെ പരിസരത്ത് ആദ്യം പ്രതിഷേധവുമായെത്തിയത് പരിസരവാസികളും വ്യാപാരികളുമായിരുന്നു.
പരിസരവാസികൾ വായ് മൂടി വാർഡ് കൗണ്‍സിലർ സീമ ജോജോയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തിക്കൊണ്ടിരിക്കുന്പോൾ ചെയർപേഴ്സണ്‍ ജയന്തി പ്രവീണ്‍കുമാറും വൈസ് ചെയർമാൻ വിൻസന്റ് പാണാട്ടുപറന്പിലും സമാശ്വാസവാക്കുകളുമായി പതിവുപോലെയെത്തി. എന്നാൽ ചെയർപേഴ്സണു മുന്പിൽ നാട്ടുകാരുടെ പ്രതിഷേധം അണപൊട്ടിയൊഴുകി.
ഒടുവിൽ പത്തുദിവസത്തിനകം പ്രശ്നം പരിഹരിക്കാമെന്നു ചെയർപേഴ്സണ്‍ ഉറപ്പുനൽകിയപ്പോഴാണ് പരിസരവാസികളും വ്യാപാരികളും പിരിഞ്ഞുപോയത്. വ്യാപാരി നേതാക്കളായ ജോയി മൂത്തേടൻ, ജോബി മേലേടത്ത്, റെയ്സണ്‍ ആലുക്ക, പ്രശസ്ത ഫുട്ബോൾ കോച്ച് ടി.കെ.ചാത്തുണ്ണി എന്നിവരും പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകി.
ഈ സമയം കോണ്‍ഗ്രസ് പ്രവർത്തകർ പ്രകടനമായി മാർക്കറ്റിലെ ബയോഗ്യാസ് പ്ലാന്റിന്റെ പരിസരത്തെത്തി പ്രതിഷേധ ധർണ നടത്തി. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എബി ജോർജ് ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഷിബു വാലപ്പൻ, പ്രതിപക്ഷനേതാവ് വി.ഒ.പൈലപ്പൻ, ഡിസിസി സെക്രട്ടറി മേരി നളൻ, യുഡിഎഫ് കണ്‍വീനർ ഒ.എസ്.ചന്ദ്രൻ, കൗണ്‍സിലർമാരായ ബിജു ചിറയത്ത്, ജിയോ കിഴക്കുംതല, സഹകരണ ബാങ്ക് പ്രസിഡന്റുമാരായ ജോയി മാളിയേക്കൽ, സി.ശ്രീദേവി, എം.വിജയൻ, ജോയി മൂത്തേടൻ, മണ്ഡലം ഭാരവാഹികളായ ഐ.എൽ.ആന്റോ, സലിം കളക്കാട്ട്, തോമസ് മാളിയേക്കൽ, പ്രീതി ബാബു, ജോസ് പുല്ലൻ തുടങ്ങിയവർ നേതൃത്വം നൽകി.
അടഞ്ഞുകിടക്കുന്ന കംഫർട്ട് സ്റ്റേഷന്റെ മുന്‍പിലും വെള്ളമില്ലാത്ത മത്സ്യമാംസ മാർക്കറ്റിലും മലിനജലം കെട്ടിക്കിടക്കുന്ന മാർക്കറ്റിനു മുന്നിലും കോണ്‍ഗ്രസ് പ്രവർത്തകർ ധർണ നടത്തിയിരുന്നു. എട്ടുമാസം മുന്‍പ് നിർമിച്ച ബയോഗ്യാസ് പ്ലാന്റിന്റെ സ്ലാബുകൾ തകർന്നാണ് മാലിന്യം പുറത്തേക്കൊഴുകുന്നത്. ഇതുമൂലം ദുർഗന്ധമാണ്. ആറുലക്ഷം രൂപ ചെലവിലാണ് പുതിയ ബയോഗ്യാസ് പ്ലാന്റ് സ്ഥാപിച്ചത്.
എന്നാൽ ഇവിടേക്ക് വെള്ളമെത്തിക്കുന്നതിനു 15,000 രൂപ ചെലവിൽ മോട്ടോർ സ്ഥാപിക്കാത്തതാണ് പ്രശ്നം ഗുരുതരമാക്കിയത്. അറവുശാലയിൽനിന്നുള്ള മാലിന്യങ്ങൾ കാക്കകൾ കൊത്തിവലിച്ച് പരിസരങ്ങളിലും കിണറുകളിലും ഇടുന്നത് പരിസരവാസികളുടെ ജീവിതം ദുസഹമാക്കി.
മാർക്കറ്റിലെ മറ്റു ഭാഗങ്ങളിലും മാലിന്യപ്രശ്നമാണ്. അറവുമാലിന്യം സംസ്കരിക്കുന്നതിനുള്ള പ്ലാന്റിൽ ഇതിന്റെ ശേഷിയേക്കാൾ കൂടുതൽ മാലിന്യം ഇടുന്നതും തകരാറിനു വഴിയൊരുക്കി. സംസ്കരിക്കപ്പെടാതെ ഇതിൽനിന്നും മാലിന്യം പുറത്തേക്കൊഴുകുകയാണ്. കഴിഞ്ഞവർഷം ഇതേ പ്രശ്നം ഉയർന്നപ്പോൾ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു. തുടർന്ന് പരിഹാരമുണ്ടാക്കാമെന്ന ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്.
ഭരണകക്ഷി കൗണ്‍സിലർ സീമ ജോജോയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം നടത്തിയത്. ഇതേ തുടർന്ന് നിർമാണം ഏറ്റെടുത്ത കരാറുകന്പനി മാലിന്യം പൂർണമായും കൊണ്ടുപോകാമെന്നു സമ്മതിച്ചതായി നഗരസഭാ അധികൃതർ ഉറപ്പുനൽകിയിരുന്നു. എന്നാൽ ഇതുണ്ടായില്ല. ഇപ്പോൾ മാർക്കറ്റിൽ പ്രശ്നം ഗുരുതരമായിരിക്കയാണ്.