ചാലക്കുടി: നഗരസഭയുടെ ഉടമസ്ഥതയിൽ കോസ്മോസ് ക്ലബിനു സമീപം കുട്ടികളുടെ പാർക്കിനു വേണ്ടി ഏറ്റെടുത്ത സ്ഥലത്തു കുന്നുകൂടി കിടക്കുന്ന മാലിന്യക്കൂന്പാരം ജനജിവതത്തിന് ഭീഷണിയായി മാറി.
നഗരസഭ പ്രദേശത്തു നിന്നും ശേഖരിക്കുന്ന മാലിന്യം നഗരസഭ ഇവിടെയാണ് കൊണ്ടുവന്ന് തള്ളുന്നത്. മഴക്കാലമായതോടെ പരിസര പ്രദേശത്തുള്ളവർക്ക് ഇതു ഭീഷണിയായി മാറിയിരിക്കയാണ്.
നേരത്തെ വിവിധ സമയങ്ങളിൽ മാലിന്യക്കൂന്പാരത്തിന് തീപിടിക്കുകയും വലിയ രീതിയിൽ പരിസര മലിനീകരണം ഉണ്ടാകുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നു പരിസരവാസികൾ മാലിന്യം ഇവിടെ നിന്നും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു.
പിന്നീട് ഇവിടെ മാലിന്യം നിക്ഷേപിക്കുകയില്ലെന്നു നഗരസഭ ഉറപ്പ് നൽകിയിരുന്നതാണ്. എന്നാൽ മാലിന്യങ്ങൾ നീക്കം ചെയ്തില്ലെന്നു മാത്രമല്ല വീണ്ടും വലിയതോതിൽ മാലിന്യങ്ങൾ നിക്ഷേപിക്കുകയാണ്. മഴ ശക്തമാകുന്നതോടെ ഇവിടെ വെള്ളം ഉയർന്ന് മാലിന്യങ്ങൾ പറയൻതോട്ടിലേക്കും പുഞ്ചപാടത്തേക്കും പുഴയിലേക്കും എത്തിച്ചേരും.
ഇത് സമീപപ്രദേശങ്ങളിലെ മുഴുവൻ കിണറുകളേയും കുടിവെള്ള പദ്ധതികളെയും കൃഷിയേയും സാരമായി ബാധിക്കും. ഈ സ്ഥലത്ത് ആയുർവേദ ആശുപത്രി നിർമാണവുമായി ബന്ധപ്പെട്ടു സ്ഥലം വൃത്തിയാക്കിയതിന്റെ ഭാഗമായി മാലിന്യങ്ങൾ മുഴുവൻ തള്ളിമാറ്റി ഇതിനോട് ചേർന്നു കിടക്കുന്ന തോടിനരികിലും ക്രിമറ്റോറിയത്തിനു സമീപവും കൂട്ടിയിട്ടിരിക്കയാണ്.
കഴിഞ്ഞദിവസം ചേർന്ന കൗണ്‍സിലിൽ ഈ വിഷയം ചൂണ്ടിക്കാണിക്കുകയും അടുത്ത ദിവസം തന്നെ മാലിന്യങ്ങൾ നീക്കം ചെയ്യുമെന്ന് ചെയർപേഴ്സണ്‍ അറിയിക്കുകയും ചെയ്തിരുന്നു.
എന്നാൽ മാലിന്യങ്ങൾ നീക്കം ചെയ്തില്ലയെന്നു മാത്രമല്ല വീണ്ടും മാലിന്യങ്ങൾ നിക്ഷേപിച്ചു കൊണ്ടിരിക്കയാണ്. മാലിന്യങ്ങൾ ഉടനെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടു കൗണ്‍സിലർ ഷിബു വാലപ്പൻ ചെയർപേഴ്സനു കത്തു നൽകി.