ചങ്ങനാശേരി: ചങ്ങനാശേരി ബൈപാസ് റോഡിൽ മാലിന്യം തള്ളുന്നതു പതിവാകുന്നു. മൂക്കുപൊത്തിയാണ് ജനങ്ങൾ ഇതുവഴി സഞ്ചരിക്കുന്നത്.
ബൈപാസ് റോഡിൽ റെയിൽവേ സ്റ്റേഷൻ ഭാഗം മുതൽ ളായിക്കാട് ജംഗ്ഷൻ വരെയുള്ള ഭാഗത്താണ് വീടുകളിലേയും വ്യാപാര സ്ഥാപനങ്ങളിലേയും മാലിന്യം വൻതോതിൽ തള്ളുന്നത്.
എസ്എച്ച് ജംഗ്ഷനിൽ കഴിഞ്ഞ ദിവസം പ്ലാസ്റ്റിക് ഉൾപ്പെടെ തള്ളിയ മാലിന്യം റോഡിലാകെ വ്യാപിച്ച നിലയിലാണ്. അറവുശാലകൾ, പച്ചക്കറി, ഇറച്ചി സ്റ്റാളുകൾ തുടങ്ങിയ സ്്ഥാപനങ്ങളിൽ നിന്നുള്ള മാലിന്യം പ്ലാസ്റ്റിക് ചാക്കിലും കവറുകളിലുമാക്കി തള്ളുന്നതായും ആക്ഷേപം ഉയർന്നിട്ടുണ്ട്.
നാടും നഗരവും കോവിഡ് വ്യാപനത്തിന്റെ ആശങ്കയിൽ കഴിയുന്പോഴാണ് ഒരുസംഘം ആളുകൾ മാലിന്യം പൊതുസ്ഥലങ്ങളിലും നടുറോഡിലും വലിച്ചെറിയുന്നത്.
ഇത്തരം സാമൂഹിക വിരുദ്ധർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്ന ആവശ്യമാണ് നഗരവാസികളിൽ നിന്നും ഉയരുന്നത്.
മാലിന്യം ഭക്ഷിക്കാൻ ബൈപാസ് റോഡിലേക്ക് തെരുവ്നായകൾ കൂട്ടത്തോടെ എത്തുന്നത് പ്രഭാത സവാരിക്കാർക്കും ഇരുചക്രവാഹന സഞ്ചാരികൾക്കും വലിയ ഭീഷണിയായിരിക്കുകയാണ്.
ചങ്ങനാശേരി നഗരസഭ ആരോഗ്യവകുപ്പിലെ നിരവധി ജീവനക്കാർക്കും പോലീസുകാർക്കും കോവിഡ് ബാധിച്ചത് രാത്രികാല പട്രോളിംഗിനെ ബാധിച്ചിട്ടുണ്ട്.
ഇത് മാലിന്യം നിക്ഷേപിക്കാൻ എത്തുന്ന സംഘങ്ങൾക്ക് സഹായകമായിട്ടുണ്ട്. ബൈപാസ് ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ സിസി ടിവി കാമറകൾ സ്ഥാപിക്കാനുള്ള അധികൃതരുടെ നടപടികൾ വേഗത്തിലാക്കണമെന്ന ആവശ്യവും ശക്തമായിരിക്കുകയാണ്.