ചിറ്റാർ: ചിറ്റാർ മാർക്കറ്റിൽ മാലിന്യങ്ങൾ കൂടിക്കിടക്കുന്നത് വ്യാപാരികൾക്കും യാത്രക്കാർക്കും ഒരേപോലെ ഭീഷണിയാകുന്നു. ചിറ്റാർ മാർക്കറ്റിന്റെ പല ഭാഗങ്ങളിലും മാലിന്യം കൂന്പാരമായി മാറിയിട്ടുണ്ട്. ദുർഗന്ധവും അസഹ്യമാണ്. മാർക്കറ്റിലെ ദുർഗന്ധം കാരണം ചിറ്റാർ സ്റ്റാൻഡിൽ ബസ് കാത്ത് നിൽക്കുന്നവർക്കു പോലും മൂക്ക് പൊത്താതെ നിൽക്കാൻ കഴിയാത്ത സ്ഥിതിയാണുള്ളത്.
മത്സ്യാവശിഷ്ടങ്ങളാണ് മാർക്കറ്റിൽ ഏറെയും കുമിഞ്ഞു കൂടുന്നത്. കവറുകളിലാക്കിയ മാലിന്യങ്ങളും മാർക്കറ്റിനുള്ളിൽ തള്ളാറുണ്ടന്ന് വ്യാപാരികൾ പറയുന്നു. പഞ്ചായത്തിൽ നിന്ന് മൂന്ന് ദിവസം കൂടുന്പോഴാണ് മാലിന്യം നീക്കം ചെയ്തിരുന്നത്. എന്നാൽ കുറെ ദിവസങ്ങളായി മാലിന്യം നീക്കം ചെയ്യാൻ സാധിക്കാത്തത് നാട്ടുകാരിൽ പ്രതിഷേധത്തിനിടയാക്കി.
എന്നാൽ ദിവസേന അടിഞ്ഞു കൂടുന്ന മാലിന്യങ്ങൾ പഞ്ചായത്ത് മുൻകൈയെടുത്ത് നീക്കം ചെയ്യണമെന്നാണ് നാട്ടുകാടെയും ആവശ്യം. രണ്ട് ദിവസം തുടർച്ചയായി മഴ പെയ്താൽ മാലിന്യങ്ങൾ ചീഞ്ഞളിയുന്നതാണ് നിലവിൽ ദുർഗന്ധം വമിക്കുന്നതിനു പ്രധാന കാരണം. മാലിന്യങ്ങൾ കത്തിക്കുന്നതുമൂലം പരിസരപ്രദേശങ്ങളിൽ വിഷപ്പുകയും ഉയരുന്നു.