കോട്ടയം: മഴക്കാല പൂർവ ശുചീകരണം നടത്തി ശേഖരിച്ച മാലിന്യം ഇനി എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ് പഞ്ചായത്ത്, നഗരസഭാ അധികൃതർ. ആദ്യഘട്ടം ശേഖരിച്ച ഖരമാലിന്യം ക്ലീൻകേരള കന്പനി സ്വീകരിച്ചു. എന്നാൽ ഇനിയുളള മാലിന്യം സ്വന്തം ഉത്തരവാദിത്വത്തിൽ മറവു ചെയ്യാനാണ് പഞ്ചായത്തുകൾക്കും നഗരസഭകൾക്കും ജില്ലാ ശുചിത്വമിഷൻ നല്കിയ നിർദേശം.
ക്ലീൻ കേരളയുടെ വാക്കു വിശ്വസിച്ച് മാലിന്യം ശേഖരിച്ച പഞ്ചായത്ത്, നഗരസഭാ അധികൃതർ ഇതോടെ വെട്ടിലായി. ഇവർ ശേഖരിച്ച ഖരമാലിന്യം ചാക്കുകളിൽ കെട്ടി ഓരോ സ്ഥലത്തും കൂട്ടിയിട്ടിരിക്കുകയാണ്. മാലിന്യം മറവു ചെയ്യാൻ ഒരു സൗകര്യവും ഇല്ലാതിരുന്ന പഞ്ചായത്തുകൾ വരെ മഴക്കാല പൂർവ ശുചീകരണം കാര്യക്ഷമമായി നടത്തി. ഇവരൊക്കെ ശേഖരിച്ച മാലിന്യം ഇപ്പോൾ ചാക്കുകളിൽ കെട്ടി ഓരോ സ്ഥലത്തും വച്ചിരിക്കുകയാണ്.
ഇങ്ങനെ മാലിന്യം കെട്ടിക്കിടക്കുന്ന സ്ഥലത്തെ താമസക്കാർ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. ദിവസങ്ങൾ കഴിയുന്തോറും മാലിന്യത്തിന് രൂക്ഷഗന്ധം അനുഭവപ്പെടുന്നതാണ് സമീപവാസികളെ പ്രതിഷേധത്തിനിറക്കുന്നത്. ശേഖരിച്ച മാലിന്യം മറവു ചെയ്യാനുള്ള സൗകര്യപ്രദമായ സ്ഥലം ഇല്ലാത്തതാണ് പഞ്ചായത്തുകളെയും നഗരസഭകളെയും അലട്ടുന്ന പ്രധാന പ്രശ്നം.
മഴക്കാല പൂർവ ശുചികരണത്തിന്റെ ഭാഗമായി ഏറ്റുമാനൂർ നഗരസഭ ശേഖരിച്ച ഖര മാലിന്യങ്ങൾ റോഡിൽ ് കൂട്ടി ഇട്ടിരിക്കുന്നു. ഏറ്റൂമാനൂർ പേരൂർ പൂളിമുട് ജംഗ്ഷന് സമീപം ബൈപാസ് റോഡ് അരുകിലാണ് നഗരസഭയുടെ നേത്യത്വത്തിൽ ശേഖരിച്ച പ്ലാസ്റ്റിക്ക് ഉൾപ്പടെയുള്ള ഖരമാലിന്യങ്ങൾ കുന്നുകൂടി കിടക്കുന്നത്. മാലിന്യങ്ങൾ മറ്റ് പ്രദേശങ്ങളിൽ നിന്നും എത്തിച്ചാണ് ഇവിടെ കൊണ്ട് തള്ളിയിരിക്കുന്നത്.
ഇതിന് എത്രയും വേഗം പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നഗരസഭ ആസ്ഥാനത്തോട് ചേർന്ന് പുതിയ പ്ലാസ്റ്റിക് ഷ്രഡിംഗ് യൂണിറ്റ് നിർമ്മിക്കുന്നുണ്ടെങ്കിലും നിർമ്മാണം പൂർത്തിയായിട്ടില്ല. മുൻപ് ശേഖരിച്ച മാലിന്യങ്ങൾ പോലും നഗരസഭ അസ്ഥാനത്തോട് ചേർന്ന് കെട്ടിക്കിടക്കുകയാണ്.